ബോളിവുഡ് ഗായകൻ മികാ സിംഗിനെ ഇന്ത്യ ബഹിഷ്‌ക്കരിച്ചതെന്തിന്?


ന്യൂഡൽഹി: ബോളിവുഡ് ഗായകനും പ്രശസ്ത പഞ്ചാബി പോപ്പ് ഗായകൻ‍ ദലേർ‍ മെഹന്ദിയുടെ സഹോദരനുമായ മികാ സിംഗിനെ ഇന്ത്യൻ സിനിമാ പ്രവർ‍ത്തകരുടെ സംഘടന ബഹിഷ്‌ക്കരിച്ചു. ഓൾ‍ ഇന്ത്യാ സിനി വർ‍ക്കേഴ്‌സ് അസോസിയേഷൻ‍ (എ.ഐ.സി.ഡബ്ല്യു.എ) ആണ് താരത്തിന് നിരോധനം ഏർ‍പ്പെടുത്തിയത്.  പാകിസ്ഥാനിൽ‍ മുൻ പ്രസിഡണ്ട് പർ‍വേസ് മുഷാറഫിന്റെ കുടുംബത്തിൽ‍ സംഗീത പരിപാടി നടത്തിയതിന്റെ പേരിലാണ് ഗായകൻ പുലിവാല് പിടിച്ചിരിക്കുന്നത്.  സംഗീതപരിപാടിയുടെ വീഡിയോ ഇന്റർ‍നെറ്റിൽ‍ വൈറലായിരുന്നു. മികയ്ക്കൊപ്പം ജോലി ചെയ്യാൻ ഇപ്പോൾ‍ ആരും തയ്യാറാകുന്നുമില്ലെന്ന് റിപ്പോർ‍ട്ടുണ്ട്.

ഗായകനെ ബഹിഷ്‌ക്കരിക്കണമെന്ന് വ്യക്തമാക്കി സംഘടന പ്രസ്താവന പുറത്തിറക്കി. പാട്ടുകാരനുമായി സഹകരിക്കരുതെന്ന് സിനിമാ നിർ‍മ്മാണ കന്പനികളോടും സംഗീത കന്പനികളോടും ഓൺലൈൻ മ്യൂസിക് കണ്ടന്റ് പ്രൊവൈഡർ‍മാരോടും നിർ‍ദ്ദേശിച്ചു. മികയുടെ കൂടെ ആരും ജോലി ചെയ്യരുതെന്നും ആരെങ്കിലും ചെയ്താൽ‍ അതിന്റെ ഫലം നിയമപരമായുള്ളതായിരിക്കുമെന്നും സംഘടന പറയുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർ‍ഷം പാരമ്യത്തിൽ‍ എത്തി നിൽ‍ക്കുന്ന സമയത്താണ് മികയുടെ പ്രവർ‍ത്തിയെന്നും രാഷ്ട്രത്തേക്കാൾ‍ മിക മതിക്കുന്നത് പണത്തിനെ ആണെന്നും പ്രസ്താവനയിൽ‍ സംഘടന ആരോപിച്ചിട്ടുണ്ട്.

മുഷാറഫിന്റെ കോടീശ്വരനായ ബന്ധുവിന്റെ മകളുടെ വിവാഹചടങ്ങിലാണ് മികയുടെ സംഗീത പരിപാടി നടന്നത്. ജുമ്മേ കി രാത്ത്, ആംഖ് മാരേ തുടങ്ങിയ വൻ‍ ഹിറ്റുകൾ‍ മിക ആലപിക്കുന്നതിന്റെ വീഡിയോയാണ് ഓൺലൈനിൽ‍ പ്രത്യക്ഷപ്പെട്ടത്. 14 അംഗ സംഘത്തോടൊപ്പമാണ് മിക പാട്ടു പരിപാടിക്കായി എത്തിയത്. ഒരു കോടി രൂപയായിരുന്നു പരിപാടിയുടെ പ്രതിഫലം. പരിപാടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മികയെ വിമർ‍ശിച്ചും പുകഴ്ത്തിയും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആരാധകർ‍ രംഗത്ത് വന്നിരുന്നു. കാശ്മീർ‍ വിഷയത്തിന്റെ പശ്ചാത്തലത്തിൽ‍ ഇന്ത്യൻ‍ മാധ്യമങ്ങളുടെ കണ്ടന്റുകൾ‍ പാകിസ്ഥാനിൽ‍ സംപ്രേഷണം ചെയ്യുന്നത് പാകിസ്ഥാൻ‍ നിർ‍ത്തി വെച്ചിരുന്നു. സിനിമയും പാട്ടുമെല്ലാം ഇതിൽ‍പെടുന്നുണ്ട്.

ഇതിനിടയിലാണ് മികാസിംഗും കൂട്ടുകാരും പാകിസ്ഥാനിൽ‍ പരിപാടിയുമായി എത്തിയത്. കറാച്ചി, ലാഹോർ‍, ഇസ്‌ളാമാബാദ് എന്നിവിടങ്ങളിലെ പരിപാടിക്കായി 30 ദിവസത്തേക്കാണ് വിസ കിട്ടിയിരിക്കുന്നത്. ഇന്ത്യ, −പാകിസ്ഥാൻ പ്രശ്‌നമൊന്നും കാര്യമാക്കാതെയാണ് മിക പാകിസ്താനിലേക്ക് പരിപാടിയുമായി പോയത്. മികയെ പൂർ‍ണ്ണമായും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും ഉയരുന്നുണ്ട്. മികാ സിംഗ് നേരത്തേ രാഖി സാവന്തിനെ പരസ്യമായി ചുംബിച്ചതിന്റെ പേരിൽ‍ വിവാദത്തിൽ‍ പെട്ടയാളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed