സ്പാനിഷ് സീരീസ് 'മണി ഹെയ്സ്റ്റ്' സിനിമയാക്കാൻ ഷാരൂഖ്‍; റൈറ്റ്‌സ് വാങ്ങി
കൊച്ചി: 'സീറോ'യ്ക്ക് ശേഷം പുതിയ പ്രോജക്ടുമായി വരാനുള്ള ആലോചനയിലാണ് ബോളിവുഡിലെ കിംഗ് ഖാൻ. ലോകമെന്പാടും പ്രേക്ഷകരുള്ള പ്രശസ്ത സ്പാനിഷ് സിരീസ് 'മണി ഹെയ്സ്റ്റ്' ഒരു ബോളിവുഡ് സിനിമയാക്കാനുള്ള ആലോചനയിലാണ് അദ്ദേഹമെന്നാണ് വിവരം. ഇതിന്റെ റൈറ്റ്‌സ് ഷാരൂഖിന്റെ നിർമ്മാണ കന്പനി വാങ്ങിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഒരു സുഹൃത്താണ് ഈ സിരീസ് ഷാരൂഖിന് പരിചയപ്പെടുത്തിയതെന്നും അത് ഏറെ ആസ്വദിച്ച അദ്ദേഹം ഇന്ത്യന്‍ പശ്ചാത്തലത്തിൽ ഒരു സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും ആണ് റിപ്പോർട്ട്. എന്നാൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കുമോ എന്ന കാര്യം ഈ ഘട്ടത്തിൽ അറിവായിട്ടില്ല.
പ്രൊഫസർ എന്ന് വിളിക്കപ്പെടുന്ന ഒരു നിഗൂഢ കഥാപാത്രമാണ് മണി ഹെയ്‌സ്റ്റിന്റെ കേന്ദ്രസ്ഥാനത്ത്. 2.4 ബില്യൺ യൂറോ ഒരു ബാങ്കിൽ നിന്ന് മോഷടിക്കാൻ 'പ്രൊഫസർ' എട്ട് പേരെ പരിശീലിപ്പിക്കുന്നതും ബാങ്കിന് പുറത്തുനിന്ന് ഈ 'ഓപറേഷൻ' നിയന്ത്രിക്കുന്നതുമാണ് സിരീസിന്റെ പ്ലോട്ട്. മൂന്നാം സീസണിലാണ് ഇപ്പോൾ ഈ സിരീസ്.

