നിതീഷ് തിവാരിയുടെ രാമായണയിൽ രാമനും സീതയുമായി ഹൃത്വിക്കും ദീപികയും?


ന്യൂഡൽഹി: 500 കോടി ബഡ്ജറ്റിൽ ത്രിഡിയിൽ‍ പുറത്തിറങ്ങുന്ന നിതീഷ് തിവാരിയുടെ രാമായണയിൽ രാമനും സീതയുമായി ഹൃത്വിക് റോഷനും ദീപിക പദ്കോണും എത്തുമെന്ന് സൂചന. ഹൃത്വിക് റോഷനെ രാമൻ ആകാൻ സമീപിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അദ്ദേഹം അതിനു സമ്മതം മൂളി എന്നുമാണ് റിപ്പോർട്ട്. ദീപിക പദുക്കോണിനു സീതയുടെ റോൾ നൽകാൻ നിർമ്മാതാക്കളിൽ ഒരാളായ മധു മണ്ടേന ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ രാമായണ സിനിമാ വൃത്തങ്ങളിൽ നിന്ന് ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

മൂന്നു ഭാഗങ്ങളായാണ് രാമായണ പുറത്തിറങ്ങുന്നത്. ഒരേ സമയം ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം തീയറ്ററുകളിൽ എത്തും. അല്ലു അരവിന്ദും നമിത്ത് മൽഹോത്രയും മധു മണ്ടേനയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ചിച്ചോരക്കു ശേഷം നിതീഷ് തിവാരി രാമായണയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണറിയുന്നത്. ഇത് തനിക്കൊരു വെല്ലുവിളിയാണെന്നും രാജ്യത്തിനു മുഴുവനും അഭിമാനമാകുന്ന രീതിയിൽ രാമായണം പുറത്തിറക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും നിതീഷ് തിവാരി പറഞ്ഞു.

സൂപ്പർ 30 യുടെ വിജയാഘോഷങ്ങളിൽ ആണ് ഹൃതിക്ക് റോഷൻ. മേഘ്ന ഗുൽസാറിന്റെ ചിപ്പക്ക് ആസിഡ് അറ്റാക് അതിജീവിച്ച ലക്ഷ്മി അഗർവാൾ ആയി അഭിനയിക്കുകയാണ് ദീപിക. ഇതിനൊപ്പം തന്നെ കബീർ ഖാന്റെ 83 യിലും അവർ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ദീപിക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed