സിനിമ പ്രമോഷൻ: ആശ ശരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യം
കൊച്ചി: കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള അഭിനയേത്രി ആശ ശരത്തിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ ഞെട്ടലോടെയാണ് മലയാളികൾ കണ്ടത്. താമസിയാതെ ഇത് ഉടൻ റിലീസ് ആവാനിരിക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇതിനെ കേവലം ഒരു തമാശയായി കാണാൻ ആവില്ലെന്ന വികാരമാണ് ഈ വീഡിയോയിൽ കമന്റായി രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഈ സംഭവം നിയമ നടപടികളിലേക്കും നീങ്ങുകയാണ്. സിനിമ പ്രമോഷന്റെ പേരിൽ സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെകൂടി ഉൾപ്പെടുത്തി വ്യാജപ്രചരണം നടത്തിയ താരത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. സുപ്രീം കോടതി അഭിഭാഷകനും, വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ശ്രീജിത് പെരുമനയാണ് ആശ ശരത്തിനെതിരെ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ ഈ വിവരം അഭിഭാഷകൻ പങ്കുവയ്ക്കുകയും ചെയ്തു.
സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഏറ്റവും സെൻസിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുൻകൂർ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പീനൽകോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങൾക്ക് വിധേയമാണെന്നും, േസ്റ്ററ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓർഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിർവഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാലും, സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പോലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ പരാതി നൽകുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് േസ്റ്റഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നുവെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു

