രാജി വെച്ച നടിമാരെ അംഗത്വ ഫീസ് വാങ്ങാതെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി


കൊച്ചി: താരസംഘടനയായ അമ്മയിൽ‍ നിന്നും രാജി വെച്ച നടിമാർ‍ക്ക് വേണ്ടി നിലപാടെടുത്ത് മമ്മൂട്ടി. രാജി വെച്ച അംഗങ്ങൾക്ക് 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ അപേക്ഷ നൽകിയാൽ അംഗങ്ങൾക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാൻ കഴിയണമെന്ന് മമ്മൂട്ടി അമ്മയുടെ ഇരുപത്തിയഞ്ചാം ജനറൽ‍ ബോഡിയിൽ‍ ആവശ്യപ്പെട്ടു. ഇത് അംഗങ്ങൾ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഇതിൽ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവാകും കൈക്കൊള്ളുക. 

വനിതാ അംഗങ്ങൾ‍ ഉയർ‍ത്തിയ ആവശ്യങ്ങളിൽ‍ ചർ‍ച്ചയുണ്ടാകണമെന്നും പ്രശ്‌നപരിഹാരത്തിനാകണം ശ്രമമമെന്നും മമ്മൂട്ടി പറഞ്ഞു. വിശദമായ ചർ‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. രാജി വെച്ച അംഗങ്ങൾക്ക് തിരികെ വരാൻ നടപടിക്രമങ്ങളുണ്ടെന്നും എന്നാൽ അവർ അപേക്ഷ നൽകിയാൽ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും യോഗത്തിന് ശേഷം അമ്മ പ്രസിഡണ്ട് മോഹൻലാൽ‍  പറഞ്ഞു. 

നടൻ ബാബുരാജിനെ ക്രിമിനൽ കേസിൽ പെട്ടപ്പോൾ പണ്ട് 'അമ്മ' പുറത്താക്കിയതാണ്. പിന്നീട് ബാബുരാജ് തിരിച്ചുവരണമെന്ന് അപേക്ഷ നൽകിയപ്പോൾ 'അമ്മ' അംഗത്വഫീസില്ലാതെ തിരിച്ചെടുത്തു. അതേപോലെ രാജി വച്ച റിമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഭാവന, രമ്യാ നന്പീശൻ എന്നിവരുടെ കാര്യവും പരിഗണിക്കാമെന്നും ഭാരവാഹിയായ ഗണേഷ് വ്യക്തമാക്കി.  

അതേസമയം ‘അമ്മ’യുടെ നിയമാവലിയിൽ തത്കാലം ഭേദഗതി ഉണ്ടാവില്ല. വുമണ്‍ കളക്ടീവ് അംഗങ്ങൾ അടക്കമുള്ളവർ‍ എതിർപ്പുയർത്തിയ സാഹചര്യത്തിൽ ആണ് ഭേദഗതി മരവിപ്പിച്ചത്. 

സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നും സ്ത്രീകൾ‍ ചൂഷണത്തിനിരയാകുന്നുവെന്നമു ഉള്ള ആരോപണങ്ങൾ‍ വ്യാപകമായ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി വരുത്തിയുള്ള അടിമുടി മാറ്റത്തിന് അമ്മ ഒരുങ്ങിയത്. നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിൽ‍ ചർച്ചയായത്. എന്നാൽ, കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് കാട്ടി ഡ.ബ്ല്യു.സി.സി അംഗങ്ങൾ ഭേദഗതിയെ രേഖാ മൂലം എതിർത്തു.

സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയിൽ‍ ഇല്ലെന്ന വാദമാണ് ഇവർ‍ ഉയർ‍ത്തിയത്.   ഉപസമിതികളിലൊന്നും ഉറപ്പാക്കാത്ത ഭേദഗതി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും എന്ന് ചൂണ്ടിക്കാട്ടി രേവതി, പാർവതി എന്നിവർ എതിർപ്പുന്നയിച്ചു. ജോയ് മാത്യു, ഷമ്മി തിലകൻ തുടങ്ങിയവരും ഭേദഗതിയെ എതിർത്തു.

ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചർച്ചകൾക്കായി തീരുമാനം മാറ്റിയതെന്ന് അമ്മ പ്രസിഡണ്ട് മോഹൻലാൽ അറിയിച്ചു.

2021ൽ ആണ് ഇനി അമ്മയിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുക. ഈ കാലയളവിനുള്ളിൽ ആവശ്യമെങ്കിൽ ഭേദഗതി നടപ്പാക്കാമെന്നും തീരുമാനിച്ചാണ് 25ാമത് വാർഷിക പൊതുയോഗം പിരിഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed