മീ ടൂവിന് കാരണം ഇന്നത്തെ ഭക്ഷണ രീതിയെന്ന് ഷീല; രൂക്ഷവിമർശനവുമായി ശാരദക്കുട്ടി

കൊച്ചി: ഇന്നത്തേത് പോലെ സിനിമയിൽ സ്ത്രീകൾക്ക് പ്രശ്‌നങ്ങൾ തന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് നടി ഷീല. ആരും തന്നെ സിനിമയിൽ ശല്യം ചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകൾ അനുഭവിച്ചിട്ടില്ലെന്നും ഷീല പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന്നൽകിയ അഭിമുഖത്തിലാണ് ഷീല മനസ്സു തുറന്നത്. ഇന്ന് മീ ടൂ വിവാദങ്ങൾ ഉണ്ടാകാൻ കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണെന്നാണ് ഷീല പറയുന്നത്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുകയാണെന്നും ഷീല പറയുന്നു. നേരത്തെ ഇരുപതാം വയസ്സിലൊക്കെയാണ് ആളുകൾ പ്രണയിക്കാൻ തുടങ്ങിയിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങൾ മൂലം ചെറിയ കുട്ടികൾപോലും പ്രണയത്തിൽ പെടുന്ന സാഹചര്യമാണ്.
താൻ സിനിമയിൽ നായികയായ കാലഘട്ടത്തിൽ ചിത്രീകരണം നടന്നിരുന്നത് പലപ്പോഴും നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇത് മനസമാധാനത്തോടെ ഇരിക്കാന്‍ സഹായകമായി. അഭിനയിക്കാൻ പ്രത്യേക കഴിവ് വേണ്ട, ഒരു നല്ല എഡിറ്റർക്ക് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റാൻ സാധിക്കുമെന്നും ഷീല പറയുന്നു.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണം. ഇത്തരക്കാരെ സാധരണ രീതിയിൽ നേരിട്ടാൽ പോര, അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകണം. ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണം. കേരളത്തിൽ താമസമായിരുന്നെങ്കിൽ വിമെൻ ഇൻ സിനിമാ കളക്‌ടീവിൽ അംഗമായിരുന്നേനെയെന്നും ഷീല പറയുന്നു.
അതേസമയം മീറ്റുവിനെ കുറിച്ചുള്ള ഷീലയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അവർ വിമർശനമുന്നയിച്ചത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷി കൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാന്പത്തികഭദ്രതയോടെ ജീവിക്കുന്നവർ.സിനിമാ മേഖലയിലെ മികച്ച പുരസ്‌കാരം അവരർഹിക്കുന്നു.
ഇത്രയൊക്കെ മതി. ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുന്പോൾ തനിക്കറിവില്ലാത്ത വിഷയത്തെ കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ. പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് JC ദാനിയൽ പുരസ്‌കാരം.”