സിനിമാ ടിക്കറ്റ് നികുതി വർദ്ധന: ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: സിനിമാ ടിക്കറ്റുകൾക്ക് പത്തു ശതമാനം തദ്ദേശ നികുതി ചുമത്തിയ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ചലച്ചിത്ര പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. നികുതി വർദ്ധനവിലുള്ള എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാൻ എത്തിയതായിരുന്നു ചലച്ചിത്ര പ്രവർത്തകർ. എറണാകുളം ഗസ്റ്റ്ഹൗസിൽ ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയിൽ മമ്മൂട്ടി, മോഹൻലാൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മറ്റ് സിനിമ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തദ്ദേശ നികുതി ചുമത്തിയാൽ സിനിമാ മേഖലയ്ക്ക് ഉണ്ടാകുന്ന തിരിച്ചടി ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സംഘടന പ്രതിനിധി കൂടിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചർച്ചക്ക് ശേഷം പ്രതികരിച്ചു. സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.