“എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം”


തിരുവനന്തപുരം: ചാനൽ റിയാലിറ്റി ഷോയ്ക്കിടെ ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീർ. തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണമെന്നും കമ്മ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പു നൽകുന്നതായും അഞ്ജലി പറഞ്ഞു. അഞ്ജലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “നമസ്ക്കാരം, ഞാൻ പങ്കെടുത്ത ഒരു ചാനൽ റിയാലിറ്റി ഷോയ്ക്കിടയിൽ എന്റെ കമ്മ്യൂണിറ്റിക്ക് ദോഷമുണ്ടാകുന്ന തരത്തിൽ സംസാരിച്ചു എന്ന പരാമർശം ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് നിങ്ങൾ ചൂണ്ടിക്കാണിച്ചു. അക്കാര്യത്തിൽ ഞാൻ നിങ്ങളോട് പൂർണ്ണമായും ക്ഷമ ചോദിക്കുകയാണ്. നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചർച്ചയിൽ പറഞ്ഞത് സമയക്കുറവിനാൽ ചാനൽ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയത്. കമ്മ്യൂണിറ്റിക്കിടയിൽ നിൽക്കുന്പോൾ കമ്മ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം എനിക്കുണ്ട്. പക്ഷേ എന്റെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റിന് ഓരോരുത്തരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനങ്ങളാൽ മാത്രമാണ് എനിക്ക് പൊതുസമൂഹത്തിൽ നിൽക്കുവാനും ഇന്നത്തെ നിലയിലെത്തുവാനും സാധിച്ചത്. അതിന് ഞാൻ കമ്മ്യൂണിറ്റിയോട് കടപ്പെട്ടവളാണ്. എക്കാലത്തും നിങ്ങളുടെ പ്രോത്സാഹനങ്ങൾ എനിക്കുണ്ടാകണം, കൂടെ നിൽക്കണം. അതിനാൽ എന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം. കമ്മ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാൻ എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പ് തരുന്നു.”

ക്രോസ്സ് ഡ്രസ്സിംഗ് നടത്തി ട്രാൻസ്ജെൻഡർ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്സ് വർക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്പിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഞ്ജലി.

You might also like

Most Viewed