ഫ്രാൻസിസ് മാർപാപ്പ 3ന് യു.എ.യിൽ

ദുബൈ: ചരിത്രത്തിൽ ആദ്യമായി മാർപാപ്പ യു.എ.ഇ സന്ദർശനം നടത്തുന്നു. ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെ മാർപാപ്പ അബുദാബി സന്ദർശിക്കുക. ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും യും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ എന്നിവർക്ക് പുറമേ യു.എ.ഇ.യിലെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് മാർപാപ്പയുടെ സന്ദർശനം. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ചു യു.എ.ഇ. സർക്കാർ അഞ്ചിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണ് അവധി. മാർപാപ്പയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ 30 രാജ്യങ്ങളിൽനിന്നായി 700 മാധ്യമപ്രവർത്തകർ യു.എ.ഇയിലെത്തുന്നുണ്ട്.
അതേസമയം വിവിധ സംസ്കാരത്തിലുള്ളവർ സഹവർത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന യു.എ.ഇയിലേക്കെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മാർപാപ്പ അബുദാബി സന്ദർശനത്തിന് മുന്നോടിയായി യു.എ.ഇയെ അഭിസംബോധന ചെയ്തുള്ള സന്ദേശത്തിൽ പറഞ്ഞു. യു,എ,ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പ്രബോധനം മാർപാപ്പ ഓർമിപ്പിക്കുന്നു. വിവിധ മതങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു ക്ഷണിച്ച അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് മാർപാപ്പ നന്ദി പറഞ്ഞു. ഒപ്പം യു.എ.ഇയുടെ എല്ലാ ഭരണാധികാരികൾക്കും അവരുടെ കരുതലിനും നന്ദിയർപ്പിച്ചു. എല്ലാവരുടേയും പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടാണ് മൂന്നു മിനിട്ടു നീളുന്ന സന്ദേശം അവസാനിപ്പിക്കുന്നത്. അതേസമയം, പരിശുദ്ധ പിതാവിനെ ഊഷ്മളതയോടെ സ്വാഗതം ചെയ്യുന്നതായും സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും അബുദാബി കിരീടാവകാശി ട്വിറ്ററിൽ കുറിച്ചു.