റിപ്പബ്ലിക് ദിന റാലിയിൽ താമര ചിത്രം; അംഗൻവാടി പൂട്ടിച്ചു

കോഴിക്കോട്: റിപ്പബ്ലിക് ദിന റാലിയിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ചിത്രമുള്ള പ്ലക്കാർഡുമായി കുട്ടികളെ പങ്കെടുപ്പിച്ച അംഗൻവാടി പൂട്ടി. താമരശ്ശേരി പഞ്ചായത്തിലെ തേറ്റാന്പുറം മലർവാടി അംഗൻവാടിയാണ് സംഭവത്തെ തുടർന്ന് പൂട്ടിയത്. കൊടുവള്ളി ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസറാണ് അംഗൻവാടി പൂട്ടാൻ ഉത്തരവിട്ടത്. അന്വേഷണവിധേയമായി അംഗൻവാടി അധ്യാപികയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കുന്ന കാവി നിറമുള്ള താമരയാണ് റിപ്പബ്ലിക് ദിന റാലിയിൽ പ്ലക്കാർഡായി കുട്ടികൾ നൽകിയതെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്ത് വരികയായിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും നിറവുമുപയോഗിച്ച് കുട്ടികളെ പാർട്ടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചതായിട്ടാണ് ആരോപണം.
ഇതേതുടർന്നാണ് അധ്യാപികയ്ക്കും ആയയ്ക്കുമെതിരെ നടപടിയെടുത്തത്. സംഭവം വിവാദമായത് റാലിയുടെ ചിത്രം പ്രാദേശിക ബി.ജെ.പി. നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ്. ഇത് റാലിയിൽ ഉപയോഗിച്ചപ്പോൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണെന്ന ധാരണ ഉണ്ടായിരുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്.