സാമൂഹിക മാധ്യമങ്ങൾ‍ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങളിൽ‍ വർ‍ധനവെന്ന് മെറ്റ


സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വർധനവുണ്ടായെന്ന് വ്യക്തമാക്കി മെറ്റ. മെയ് 31ന് പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിലാണ് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റയുടെ ഈ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലിൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ 86 ശതമാനവും അക്രമപരവും പ്രകോപനപരവുമായ ഉള്ളടക്കമാണ് കുതിച്ചുയരുന്നതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തിയതാണെന്നും മെറ്റ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. 

റിപ്പോർട്ട് അനുസരിച്ച് ഏപ്രിലിൽ മാത്രം 53,200 വിദ്വേഷ പ്രസംഗങ്ങളാണ് ഫേസ്ബുക്ക് കണ്ടെത്തിയിട്ടുള്ളത്. ഇത് മാർച്ചിൽ കണ്ടെത്തിയ 38,600 മായി താരതമ്യം ചെയ്യുമ്പോൾ 37.82 ശതമാനം കൂടുതലാണ്. അക്രമ പ്രേരണയുമായി ബന്ധപ്പെട്ട 77,000 ഉള്ളടക്കങ്ങളാണ് ഇൻസ്റ്റാഗ്രാം ഏപ്രിലിൽ കണ്ടെത്തിയതെങ്കിൽ മാർച്ചിൽ ഇത് 41,300 ആയിരുന്നു. പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ പോലുള്ളവയാണ് ഉള്ളടക്കങ്ങളായി പരിഗണിക്കുന്നത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായുള്ള ഉള്ളടക്കത്തിൽ നടപടിയെടുക്കുന്നതിന്റെ എണ്ണം ഞങ്ങൾ കണക്കാക്കുന്നുണ്ട്. ഈ എണ്ണം തങ്ങളുടെ നടപടി ക്രമങ്ങളുടെ തോത് വ്യക്തമാക്കുന്നതാണെന്നും മെറ്റ റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്കിൽ നിന്നോ ഇൻസ്റ്റാഗ്രാമിൽ നിന്നോ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയോ, ചില പ്രേക്ഷകരെ ശല്യപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും മറയ്ക്കുന്നതും നടപടി ക്രമങ്ങളിൽ ഉൾപ്പെടാം എന്നും റിപ്പോർട്ടിലുണ്ട്.

You might also like

Most Viewed