ടെലഗ്രാമിൽ സൈബർ ആക്രമണം
ബെയ്ജിംഗ്: എൻക്രിപ്റ്റഡ് മെസേജിംഗ് സർവീസായ ടെലഗ്രാമിൽ സൈബർ ആക്രമണം. സർവ്വറിന്‍റെ തിരക്കു വർദ്ധിപ്പിച്ചു പ്രവർത്തനം അവതാളത്തിലാക്കുന്ന തരം ആക്രമണമാണ് ടെലഗ്രാം നേരിട്ടത്. അതേസമയം സർവ്വറിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ടെലഗ്രാം വീണ്ടും പ്രവർത്തന ക്ഷമമായെന്നും ടെലഗ്രാം സിഇഒ പാവെൽ ഡുറോവ് ട്വീറ്റ് ചെയ്തു.
സൈബർ ആക്രമണത്തിന്‍റെ ഉറവിടം ചൈനയാണെന്നും ഹോങ്കോംഗിലെ ചൈനാവിരുദ്ധ പ്രതിഷേധക്കാർ ആശയവിനിമയത്തിനു ടെലഗ്രാം ഉപയോഗിച്ചതാണ് ചൈനയിൽനിന്നു സൈബർ ആക്രമണമുണ്ടാകാൻ കാരണമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, സൈബർ ആക്രമണത്തേക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ടെലഗ്രാം ഉപയോക്താക്കളെയാണ് സൈബർ ആക്രമണം കൂടുതലായും ബാധിച്ചത്.

