റഷ്യൻ മിസൈൽ ആക്രമണം; യുക്രെയ്നിൽ 19 സൈനികർ കൊല്ലപ്പെട്ടു

റഷ്യൻ മിസൈൽ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ യുക്രെയ്നിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച സാപ്പോറിഷ്യ മേഖലയിലെ യുദ്ധമുന്നണിക്കു സമീപമുണ്ടായ സംഭവം ഒഴിവാക്കാവുന്നതായിരുന്നുവെന്നും ക്രിമിനൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ സേനയിലെ 128ാം മൗണ്ടൻ അസോൾട്ട് ബ്രിഗേഡിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. ദിമിദ്രോവോ ഗ്രാമത്തിലെ തുറന്ന സ്ഥലത്ത് സൈനികർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവേ മിസൈൽ പതിക്കുകയായിരുന്നു. യുദ്ധമുന്നണിക്കു സമീപം ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതാണ് പ്രതിഷേധത്തിനു കാരണം.
റഷ്യൻ ഡ്രോണുകൾ നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലത്ത് ചടങ്ങു സംഘടിപ്പിച്ചത് അവിശ്വസനീയമെന്നാണ് സൈനിക വിദഗ്ധർ പ്രതികരിച്ചത്. ആക്രമണം നടക്കുന്നതിന്‍റെയും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെയും വീഡിയോ ദൃശ്യം റഷ്യൻ ടെലഗ്രാം ചാനലുകളിലൂടെ പുറത്തുവന്നു. സംഭവത്തിൽ റഷ്യൻ സേന പ്രതികരിച്ചിട്ടില്ല. ട്രാൻസ്കാർപാത്തിയൻ മേഖലയിൽനിന്നുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ട്രാൻസ്കാർപാത്തിയയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
dfsfd