ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ബഹ്റൈൻ മന്ത്രിസഭായോഗം

മനാമ
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിനെ ബഹ്റൈൻ മന്ത്രിസഭായോഗം അഭിനന്ദിച്ചു. ഇത്തരമൊരു നേട്ടം ബഹിരാകാശ ഗവേഷണ മേഖലക്ക് കരുത്തു പകരുന്നതാണെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടവാകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ച യോഗം അഭിപ്രായപ്പെട്ടു.
ഫ്രാന്‍സിൽ നടന്ന 160 കിലോമീറ്റർ എൻഡുറൻസ് മത്സരത്തിൽ ചാമ്പ്യൻ പട്ടമണിഞ്ഞ ദേശീയ സുരക്ഷ ഉപദേഷ്ടാവും ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെയും മന്ത്രിസഭായോഗം അഭിനന്ദിച്ചു. ബഹ്റൈനിലെ കായിക മേഖലക്ക് അഭിമാനകരമായ നേട്ടമാണിതെന്നും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്‍റെ പേര് ഉയരാൻ ഇതിടയാക്കുമെന്നും അഭിനന്ദനങ്ങളറിയിച്ച കാബിനറ്റ് അംഗങ്ങൾ വ്യക്തമാക്കി. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ മികച്ച ജീവനക്കാരനായി തിരഞ്ഞെടുക്കപ്പെടുന്നയാളുടെ പ്രതിഫലം 3000 ദീനാറാക്കണമെന്ന സിവിൽ സർവിസ് ബ്യൂറോയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.
ബഹ്റൈൻ പോളിടെക്നിക് കോളജും ഇന്ത്യയിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയും തമ്മിൽ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെക്കാനും കാബിനറ്റ് അംഗീകാരം നൽകി. വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലെ ബഹ്റൈന്റെ പങ്കാളിത്തം സംബന്ധിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു. ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്.
a