എം.എ യൂസഫലിയുടെ ഇടപെടലിന് ഒടുവിൽ പ്രവാസിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ബഹ്റൈൻ അധികാരികൾ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിന് ഒടുവിൽ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക് വിട്ടുനൽകി ബഹ്റൈൻ അധികാരികൾ. പത്ത് മാസത്തിലേറെയായി മൊയ്തീന്റെ ബന്ധുക്കൾ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇതോടെ ഇല്ലാതായത്. ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ മൊയ്തീന്റെ മൃതദേഹം വിട്ടു കിട്ടാൻ ബന്ധുക്കൾ സമീപിക്കാത്ത ഇടങ്ങൾ ഇല്ലായിരുന്നു. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ , രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്, സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീർണമായ നിയമനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകാൻ അധികാരികൾ അനുമതി നൽകുകയുമായിരുന്നു.
കഴിഞ്ഞ 24 വർഷമായി മൊയ്തീൻ ഗൾഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ മൊയ്തീൻ ബന്ധപ്പെട്ടിരുന്നില്ല. അഞ്ച് വർഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിക്കാറുള്ളൂ. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ, ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മൊയ്തീൻ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി. മൊയ്തീന്റെ സഹോദരനും ചങ്ങരംകുളം നരണിപ്പുഴ മഹല്ല് പ്രസിഡന്റുമായ മാളിയേക്കൽ സുലൈമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും വഴി നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലാ കലക്ടർ വഴി സർക്കാർ തലത്തിൽ ബന്ധപ്പെട്ടെങ്കിലും, കോടതി നടപടികൾ പൂർത്തിയാകാതെ വിട്ടുനൽകാനാകില്ലെന്നായിരുന്നു മറുപടി. ഒടുവിൽ മൊയ്തീന്റെ സഹോദരൻ മാളിയേക്കൽ സുലൈമാൻ അഭ്യർത്ഥനയുമായി പത്ത് ദിവസങ്ങൾക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിച്ചു.
സിഐഡി ഓഫീസിലും, കോൺസുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാർ തുടർച്ചയായി ബന്ധപ്പെട്ടു. എം.എ യൂസഫലി ബഹ്റൈൻ ഉപപ്രധാന മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഫലം കണ്ടു. ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദിൽ ഖബറടക്കി. മാസങ്ങളോളം നീണ്ട അനിശ്ചിതത്വം തീർന്നതിന്റെ ആശ്വാസത്തിലും പ്രാർഥനയിലുമാണ് മൊയ്തീന്റെ കുടുംബം.

