മൺചിരാതുകളും മധുരപലഹാരങ്ങളും നിരന്നു പ്രവാസികൾ ദീപാവലി നിറവിൽ


മനാമ: ഐശ്വര്യത്തിന്റെയും നന്മയുടെയും വിജയത്തെ ദീപാലങ്കാരമാക്കി പ്രവാസികൾ ദീപാവലി ആഘോഷത്തിനായി ഒരുങ്ങി. കേരളത്തിൽ െവച്ച് മലയാളികൾ ദീപാവലി ആഘോഷം അധികം ആഘോഷിക്കാറില്ലെങ്കിലും പ്രവാസ ലോകത്തെത്തുന്പോൾ ഇന്ത്യാക്കാരുടെ ആഘോഷങ്ങൾ എല്ലാം ഒരുമയോടെ ആഘോഷിക്കുന്ന പ്രവാസി മലയാളികൾ ദീപാവലിയും ആഘോഷമാക്കുന്നു. അതുകൊണ്ട് തന്നെ മലയാളികൾ ഉപഭോക്താക്കൾ ആയിട്ടുള്ള സൂപ്പർ മാർക്കറ്റുകളിലും ദീപാവലി ആഘോഷങ്ങൾക്കായുള്ള പൂജാസാമഗ്രികളും മധുര പലഹാരങ്ങളും മൺ‍ചിരാതുകളും വിൽപ്പനയ്ക്കെത്തി. ഉത്തരേന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷത്തിന് വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള മധുര പലഹാരങ്ങളും പ്രത്യേക ചേരുവകൾ അടങ്ങിയ പായസങ്ങളും ഉണ്ടാക്കുകയും അവ പരസ്പരം കൈമാറുകയും ചെയ്യുവാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു.

മനാമ സൂക്കിലാണ് ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധങ്ങൾ ഏറ്റവും കൂടുതൽ സ്റ്റോക്ക് എത്തിയിട്ടുള്ളത്. ജിലേബി, ലഡു തുടങ്ങിയവയുടെ വിവിധ ഇനങ്ങളാണ് ഇവിടെയുള്ള വ്യാപാരികൾ വിൽപ്പനയ്ക്കായി കൊണ്ട് വന്നിട്ടുള്ളത്. ചന്ദനത്തിരികൾ, സുഗന്ധ ധൂപങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും വിവിധ വർണ്ണങ്ങളിലുള്ള പൗഡറുകളുടെയും വിൽപ്പന സജീവമാണെന്ന് വ്യാപാരികൾ പറഞ്ഞു. ഫ്ളാറ്റുകൾക്കുള്ളിൽ നിന്ന് തന്നെ എറിഞ്ഞു പൊട്ടിക്കാൻ കഴിയുന്ന കുട്ടികൾക്കായുള്ള ചെറിയ ഏറുപടക്കങ്ങളും വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പരിസരത്തുള്ള കടകളിലാണ് ദീപാവലിക്കായി പ്രത്യേകം തയ്യാറാക്കിയ വിവിധ സാമഗ്രികൾ വിൽപ്പനയ്ക്കെത്തിയിട്ടുള്ളത്. വാഴയില, വിവിധയിനം പൂക്കൾ എന്നിവയും ഈദിവസങ്ങളിൽ വിറ്റ് പോകുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നു. ബഹ്റിൻ കേരളീയ സമാജത്തിൽ ദീപാവലിയോടനുബന്ധിച്ച് ദാണ്ടിയ നൃത്തത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡാൻണ്ടിയാ നൃത്തത്തിനാവശ്യമായ ഡാൻണ്ടിയാ സ്റ്റിക്കുകൾ നിർമ്മിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഡാണ്ടിയ അരങ്ങേറുക. ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപാവലിയോടനുബന്ധിച്ച് ഗസലും ഒരുക്കിയിട്ടുണ്ട്. ഡാണ്ടിയയ്ക്ക് വേണ്ടി നിർമ്മിച്ച കുട്ടികളുടെ പ്രത്യേക ഉത്തരേന്ത്യൻ മാതൃകയിലുള്ള വസ്ത്രങ്ങളുടെയും വിൽപ്പനകാലമാണ് ദീപാവലി. 

You might also like

Most Viewed