ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ ഇന്ത്യൻ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

മനാമ: ഭർത്താവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 27കാരിയായ ഇന്ത്യൻ യുവതിക്ക് ബഹ്റിൻ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുവതിക്ക് മറ്റൊരു പുരുഷനുമായുള്ള സ്നേഹബന്ധമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പ്രേരകമായത്. മൃതദേഹത്തിൽ കത്തികൊണ്ടും കടിച്ചും മറ്റുമായി ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു. കത്തികൊണ്ടുള്ള വെട്ടുകൾ മാത്രം 72 എണ്ണം ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന കെട്ടിച്ചമച്ച കഥയാണ് നേരത്തെ യുവതി പോലീസിന് മുന്നിൽ അവതരിപ്പിച്ചത്.കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും മാനസിക സംഘർഷത്തെ തുടർന്ന് ഭർത്താവ് സ്വയം മുറിവേൽപ്പിക്കുകയും ജീവിതം അവസാനിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഭർത്താവ് കത്തി കൊണ്ട് കുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ തനിക്കും പരുക്ക് പറ്റിയെന്നും കഥ മെനഞ്ഞു. ഇത് വിശ്വസനീയമാക്കാനായി യുവതി സ്വന്തം കൈത്തണ്ടയിൽ മുറിവുകളുണ്ടാക്കുകയും ചെയ്തിരുന്നു.
എന്നാൽ അഞ്ച് വയസ്സുള്ള മകളുടെ മൊഴി സത്യം പുറത്ത് കൊണ്ട് വരുന്നതിൽ നിർണ്ണായകമായി. മാതാപിതാക്കൾ തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്നും അമ്മ അച്ഛനെ കുത്തുന്നത് കണ്ടുവെന്നും മകൾ പോലീസിനോട് പറഞ്ഞു. അരുതെന്ന് അപേക്ഷിച്ചിട്ടും യുവതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിയുടെയും ഫോറൻസിക് റിപ്പോർട്ടിന്റെയും സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച (കൃത്യത്തിന് ഉപയോഗിച്ച കത്തി തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്ക്യൂട്ടർ കുറ്റവാളിയ്ക്കെതിരെ ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
മാരകമായി മുറിവേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യുവതിയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.