തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
മനാമ: ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നതെന്ന് വിതരണ ചടങ്ങിൽ ചാരിറ്റി കൺവീനർ ശശി അക്കരാൽ അറിയിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ജോയിന്റ് സെക്രട്ടറി ജിതേഷ് ടോപ്മോസ്റ്റ്, എന്നിവർ ഭക്ഷണ വിതരണ പരിപാടിക്ക് നേതൃത്വം നൽകി. ലേബർ ക്യാമ്പുകളിൽ കഴിയുന്ന അർഹരായവർ ഇത്തരം ഭക്ഷണ കിറ്റുകൾ ലഭിക്കാൻ കെപിഎഫ് ചാരിറ്റിവിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അറിയിച്ചു.

