കോവിഡ് വാക്സിൻ പരീക്ഷണത്തിന് റജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ

മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ആരംഭിച്ച വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടിയുള്ള റജിസ്ട്രേഷൻ ബഹ്റൈൻ ആരോഗ്യമന്ത്രാലയം ആരംഭിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടമായിട്ടാണ് വാക്സിൻ നൽകുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള ആറായിരം പേർക്കാണ് ബഹ്റൈനിൽ ഈ ഒരു പരീക്ഷണത്തിൽ പങ്കെടുക്കാൻ സാധിക്കുക. volunteer.gov.bh എന്ന സൈറ്റിലൂടെയാണ് താത്പര്യമുള്ളവർ തങ്ങളുടെ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ പ്രത്യേക മെഡിക്കൽ ടീം പരിശോധിച്ചതിന് ശേഷമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കുക. നിലവിൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ആരംഭിച്ചിരിക്കുന്ന സമാനമായ പരീക്ഷണങ്ങളുമായി സഹകരിച്ചാണ് ബഹ്റൈനിലും ഇത് നടത്തുന്നത്. പന്ത്രണ്ട് മാസ കാലയളവിലായാണ് പരീക്ഷണങ്ങൾ നടക്കുന്നത്. ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തിരിക്കുന്ന വാക്സിൻ ലോകത്തിലെ തന്നെ ആറാമത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിനോഫാം സിഎൻബിജി ആണ് തയ്യാറാക്കിയിരിക്കുന്നത്.