ഇന്ത്യൻ സ്കൂൾ ബഹ്റൈന് പത്താം തരത്തിൽ നൂറ് ശതമാനം വിജയം
മനാമ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ബഹ്്റൈനിലെ ഇന്ത്യൻ സ്കൂൾ (ഐഎസ്‌ബി) വിദ്ധ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. ഏറ്റവും അധികം പേർ പരീക്ഷയെഴുതിയ ഇവിടെ 100% ശതമാനം വിജയം നേടി. 776 വിദ്യാർത്ഥികളിൽ നൂറു വിദ്യാര്‍ഥികൾ ‘എ’ ഗ്രേഡ് നേടി. 172 കുട്ടികൾ 90 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കി. 98.6 ശതമാനം സ്‌കോർ നേടിയ നന്ദന ശുഭ വിനുകുമാർ 500 ൽ 493 മാർക്കോടെ സ്കൂൾ ടോപ്പറായി. ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാർക്കാണിത്. 489 മാർക്ക് നേടിയ നയനാ ചന്ദ്രൻ പുറവങ്കര 97.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും 488 മാർക്കു നേടിയ ഗൌതം അനൈമല്ലൂർ ജനാർദ്ദനൻ 97.6 ശതമാനവുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യന്‍ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, അക്കാദമിക്സ് അംഗം മുഹമ്മദ് ഖുർഷീദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വമി എന്നിവർ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. കോവിഡ് മഹാമാരിയുടെ ഈ പ്രയാസകരമായ സമയത്ത് അക്കാദമിക് ടീമിന്റെ സംയുക്ത പരിശ്രമത്തിന്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ സഹകരണത്തിന്റെയും ഫലമായിട്ടാണ് ഇന്ത്യൻ സ്കൂളിനു മികച്ച വിജയം കൈവരിക്കാനായതെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. ഇന്ത്യൻ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്നും അക്കാദമിക നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണം, അധ്യാപകരുടെ പ്രതിബദ്ധത, രക്ഷിതാക്കളുടെ പിന്തുണ എന്നിവ മികച്ച വിജയം നേടാൻ സഹായകരമായെന്നു പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് പരീക്ഷ ഫലത്തിന്റെ പ്രത്യേകതകൾ താഴെ നൽകുന്നു :
- സ്കൂളിലെ ഏറ്റവും ഉയർന്ന സ്കോർ : 500 ൽ 493 (98.6%)
- നാല് വിദ്യാർത്ഥികൾ ഗണിതശാസ്ത്രത്തിൽ 100 ഉം 19 പേർ 99 ഉം നേടി.
- നാല് വിദ്യാർത്ഥികൾ സോഷ്യൽ സയൻസിൽ 100 ഉം 4 പേർ 99 ഉം നേടി.
- രണ്ടു വിദ്യാർത്ഥികൾ ഫ്രഞ്ച് ഭാഷയിൽ 100 ഉം 6 പേർ 99 ഉം നേടി.
- ഒരു വിദ്യാർത്ഥി സയൻസിൽ 100 നേടി
- പത്തു വിദ്യാർത്ഥികൾ മലയാളത്തിൽ 99 നേടി
- രണ്ടു വിദ്യാർത്ഥികൾ സംസ്‌കൃതത്തിൽ 99 നേടി
- ഒരു വിദ്യാർത്ഥി ഇംഗ്ലീഷിൽ 99 നേടി.
- 84.1% വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു
- 58.9% പേർക്ക് ഡിസ്റ്റിങ്ങ്ഷന്‍ ലഭിച്ചു
- 172 വിദ്യാർത്ഥികൾക്ക് 90% ഉം അതിനു മുകളിലും മാര്‍ക്ക് ലഭിച്ചു
- നൂറു വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചു
- 28 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡ് ലഭിച്ചു

