ബഹ്റൈൻ മലയാളികളുടെ ഓർമ്മകളിൽ വേദന നിറച്ച് സാം സാമുവേൽ അടൂർ
മനാമ
ബഹ്റൈൻ മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിദ്ധ്യവും സബർമതി കൾച്ചറൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ടുമായ പത്തനംതിട്ട അടൂർ സ്വദേശിയായ സാം സാമുവേൽ അടൂരിന്റെ മരണം ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ വലിയ വേദനയാണ് ഉണ്ടാക്കിയത്. ഒരു മാസത്തോളമായി ബിഡിഎഫ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ മരണം ഇന്ന് രാവിലെയാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഭക്ഷ്യകിറ്റുകൾ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായ ശ്രദ്ധ പതിപ്പിച്ച് വരുന്നതിനിടയിലായിരുന്നു ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. നേരത്തേ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തെ അലട്ടിയത് രോഗം മൂർച്ഛിക്കാനും, ഒടുവിൽ മരണത്തിലെത്താനും വഴി വെച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി ബഹ്റൈനിൽ ഉള്ള അദ്ദേഹം ബഹ്റൈൻ ഇന്റീരിയർ മിനിസ്ട്രിയിൽ ജീവനക്കാരനായിരുന്നു. അടൂർ ആനന്ദപള്ളി സ്വദേശിയായ അദേഹത്തിന്റെ ഭാര്യ സിസിലിയും രൺ പെൺമക്കളും നാട്ടിലാണ്. പതിനൊന്നാം തരം വിദ്ധ്യാർത്ഥിനിയായ സിമി സാറാ സാം, ആറാം തരം വിദ്ധ്യാർത്ഥിനിയായ സോണി സാറാ സാം എന്നിവരാണ് മക്കൾ. തന്റെ നിശബ്ദസേവനങ്ങളാൽ ഏറെ ശ്രദ്ധ നേടിയ സാമൂഹ്യപ്രവർത്തകൻ കൂടിയായ സാം സാമുവേൽ അടൂരിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബഹ്റൈനിൽ തന്നെ സംസ്കരിക്കും.
അതേസമയം മരണവിവരമറിഞ്ഞത് മുതൽ ബഹ്റൈനിലെ മലയാളികളുടെ ഇടയിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാത്തതിന്റെ വിഷമം കൂടി ഇവർ പങ്ക് വെക്കുന്നുണ്ട്.
അനുശോചന സന്ദേശങ്ങൾ
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സജീവ അംഗമായ സാം സാമുവേൽ അടൂരിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിലെ സാമൂഹിക − ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നില്‍ നിന്നിരുന്ന സാം സാമുവലിന്‍റെ അകാല നിര്യാണത്തിൽ ബഹ്റൈനിലെ കൊല്ലം പ്രവാസി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നിസ്വാർത്ഥജീവകാരുണ്യ പ്രവർത്തകനായിരുന്നു സാം അടൂരെന്നും, പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കിയതിനോടൊപ്പം അദ്ദേഹത്തിന്റെ വേർപാട് ബഹ്‌റൈനിലെ പ്രവാസി പൊതു സമൂഹത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡണ്ട് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ടും , ബഹ്‌റൈനിലെ സാമൂഹിക , സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന സാം സാമുവേൽ അടൂരിന്റെ ദേഹ വിയോഗത്തിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങളിലും , പ്രയാസങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുവാൻ പരിമിതികൾ ഏറെ ഉണ്ടായിട്ടു കൂടി അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും , സബർമതി കൾച്ചറൽ ഫോറത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കോവിഡ് കാലത്തും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ഓടി നടന്ന നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനെയാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനു നഷ്ടപ്പെട്ടതെന്നും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചന കുറിപ്പിൽ അറിയിച്ചു.
ബഹ്‌റൈൻ പ്രവാസി സാമൂഹ്യപ്രവർത്തകർക്കിടയിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമായിരുന്നു സാം അടൂർ എന്ന് വിളിക്കുന്ന സാം സാമുവൽ എന്ന് ഇൻഡക്സ് ബഹ്‌റൈൻ അനുശോചന കുറിപ്പിലൂടെ അനുസ്മരിച്ചു. സാമിനെ പോലെ ഇത്രയും പ്രയാസപ്പെട്ട് സാമൂഹ്യപ്രവർത്തനം നടത്തിയിരുന്നവർ നമ്മുടെ ഇടയിൽ വിരളമാണ്. അദ്ദേഹത്തിന്റെ ഒരു പ്രശ്നങ്ങളും മറ്റുള്ളവർക്ക് കൈത്താങ്ങാവാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നില്ല. നികത്താനാവാത്ത ഈ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നുന്നതായും ഇൻഡക്സ് ബഹ്റൈന് വേണ്ടി ഭാരവാഹികളായ അനീഷ് വർഗ്ഗീസ്, റഫീക്ക് അബ്ദുള്ള, അജി ഭാസി, സാനി പോൾ എന്നിവർ അറിയിച്ചു.
ഇവ കൂടാതെ ബഹ്റൈൻ കുടുംബസൗഹർദവേദി, ബ്ലഡ് ഡോണേർസ് കേരള, ജനത കൾച്ചറൽ സെന്റർ, കണ്ണൂർ എക്സ്പാറ്റ്സ്, പ്രവാസി ഗൈഡൻസ് ഫോറം എന്നീ സംഘടനകളും സാം സാമുവേൽ അടൂരിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

