ബഹ്റിനിലെ പ്രമുഖ മലയാളി വ്യാപാരി കുഴഞ്ഞു വീണു മരിച്ചു


മനാമ: ബഹ്റിനിൽ കാൽ നൂറ്റാണ്ടിലധികമായി വ്യാപാരം നടത്തുന്ന പ്രമുഖ മലയാളി വ്യാപാരി കുഴഞ്ഞു വീണു മരിച്ചതിന്റെ ഞെട്ടലിൽ ആണ് മനാമ സൂഖിലെ പ്രവാസികൾ അടക്കമുള്ള കച്ചവടക്കാർ. മനാമ സൂഖിൽ ബാബുൽ ബഹ്റിനടുത്തുള്ള റിയാ ടെക്സ്റ്റൈൽസ് ഉടമയായ കോഴിക്കോട് ജില്ലയിലെ നന്ദി കടലൂർ പുളിമുക്ക് നടുവിലെ കമ്മടത്തിൽ‍ ഇസ്ഹാഖ് (52) ആണു ഇന്നലെ വൈകീട്ട് അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെയും, കടയുടെയും ഇടയിലുള്ള ഫുട് പാത്തിൽ കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.

കടയിൽ നിന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു ഇദ്ദേഹം കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഉടനെ തന്നെ ആംബുലൻസിനായി വിളിച്ചെങ്കിലും അത് എത്തുവാൻ അരമണിക്കൂറിലധികം താമസിച്ചതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ആംബുലൻസ് എത്തുന്നതിനു മുന്പ് തന്നെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്തുക്കളും അവിടെയുള്ളവരും തയ്യാറായിരുന്നുവെങ്കിലും അത്യാസന്ന നിലയിലായ ഒരാളെ മറ്റു വാഹനങ്ങളിൽ കൊണ്ട് പോകരുതെന്നും ആംബുലൻസ് എത്തുന്നത് വരെ കാത്തു നിൽക്കണമെന്നും സമീപമുള്ള പോലീസ് േസ്റ്റഷനിലെ പോലീസുകാർ തന്നെ നിർദ്ദേശിച്ചതോടെ ഇദ്ദേഹത്തെ കാറിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തങ്ങളിൽ ഒരാൾ കണ്മുന്നിൽ വച്ച് മരണത്തിനു കീഴടങ്ങേണ്ടി വന്നത് കാണേണ്ടിവന്ന സങ്കടത്തിലാണ് സ്വദേശികളും പ്രവാസികളും അടങ്ങിയ സൂഖിലെ വ്യാപാരസമൂഹം.

ഫൗസിയയാണു പരേതന്റെ ഭാര്യ. വിദ്യാർ‍ത്ഥികളായ സുഹാന, സുഹൈൽ, സുമയ്യ എന്നിവരാണു മക്കൾ. ബഹ്റിനിലുണ്ടായിരുന്ന കുടുംബം മകൾ സുഹയ്ക്ക് ബി.ഡി. എസ്സിനു പ്രവേശനം കിട്ടിയതിനെ തുടർന്നു ഈയിടെയാണ് നാട്ടിലേയ്ക്കു പോയത്.

ബഹ്റിനിലെ‍‍‍‍‍‍‍‍ മതസാമൂഹിക രംഗത്തു സജീവമായിരുന്ന പരേതന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനു നടപടികൾ സ്വീകരിച്ചു വരികയാണ്. കെ.എം.സി. സി പ്രവർത്തകൻ ഒ.കെ കാസിം, കെ.ടി സലിം, സുബൈർ കണ്ണൂർ എന്നിവരാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed