ബഹ്‌റൈൻ കെ.എം.സി.സി “വരയും വർണ്ണവും” ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: കുട്ടികളിലെ കൊവിഡ് ഭീതിയകറ്റി അവധിക്കാലം ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി “വരയും വർണ്ണവും” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. മൂന്ന് കാറ്റഗറിയിലായി നടത്തിയ മത്സരത്തിൽ ബഹറൈനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമടക്കം നൂറോളം കുട്ടികളാണ് പങ്കെടുത്തത്. കമ്മിറ്റി നിശ്ചയിച്ച വിധികർത്താക്കളുടെ നിർണയത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികളെ ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രഖ്യാപിച്ചു.
ഫേസ്ബുക്ക് പേജിൽ നിന്ന് ലഭിച്ച കൂടുതൽ ലൈക്കുകളുടെ അടിസ്ഥാനത്തിൽ ഫാത്തിമത് സഹ്‌റ, സയാൻ ഫാരിഹ, ഫാത്തിമത് രിസാന, റുഫൈദ പടപ്പിൽ എന്നിവർ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മത്സരത്തിൽ കാറ്റഗറി ഒന്നിൽ ഫാത്തിമത് ഹനാൻ, ഫാത്തിമത് സഹ്‌റ, തഹിയ്യ ഫാറൂഖ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാറ്റഗറി രണ്ടിൽ സാന്ദ്ര ശ്യാം, പാർവ്‍വതി ടി.പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളും മറിയം ആസിം, നജാ ഹനാൻ വി.പി എന്നിവർ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ ആഷിർ കുഴിവലയിൽ ഒന്നാം സ്ഥാനവും ഭവാനി വിവേക് രണ്ടാം സ്ഥാനവും നന്ദന മലരന്പത്ത് മൂന്നാംസ്ഥാനവും നേടി.
മത്സരത്തിന് വന്ന എല്ലാ ചിത്രങ്ങളും മികച്ച നിലവാരത്തിലുള്ളവ ആയിരുന്നെന്നു വിധികർത്താക്കൾ വിലയിരുത്തി. വിജയികളെ ബഹ്‌റൈൻ കെ.എം.സി.സി അനുമോദിച്ചു. വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി ഫേസ്ബുക്ക് പേജിലൂടെ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.