സി കെ എം സാദിഖ് മുസ്ലിയാരുടെ വിയോഗത്തിൽ ബഹ്‌റൈൻ പാലക്കാട് ജില്ലാ കെ.എം.സി.സി. അനുശോചിച്ചു

മനാമ: സി കെ എം സാദിഖ് മുസ്ലിയാരുടെ വിയോഗത്തിൽ ബഹ്‌റൈൻ പാലക്കാട് ജില്ലാ കെ.എം.സി.സി. അനുശോചിച്ചു. നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത് പാലക്കാടിന് സമസ്തയുടെ തേജസ്സ് പകർന്ന കർമ്മയോഗിയെയും അതോടൊപ്പം സമസ്തയുടെ നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്തുവെച്ച മഹാൻ അവർകളെയുമാണെന്ന് ബഹ്‌റൈൻ കെ.എം.സി സി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്ത് പകരുന്ന പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മുസ്ലിം ലീഗ് ഭാരവാഹികളോട് എല്ലാവരോടും വലിയ ആത്മബന്ധം പുലർത്തിയിരുന്ന ഒരു പണ്ഡിതപ്രതിഭ കൂടിയായിരുന്നു ശൈഖുനാ:സാദിഖ് മുസ്ലിയാർ. അതാത് സമയങ്ങളിൽ ശ്വാസിച്ചും ഉപദേശിച്ചും സംഘാടനമികവിലെ ഉസ്താദിന്റെ വൈഭവം ഒരു പുരുഷായുസ്സ് മുഴുവൻ നിലകൊണ്ടു. മതവിദ്യഭ്യാസ കാര്യങ്ങളിൽ പിന്നിലായിരുന്ന ജില്ലയിലെ പ്രദേശങ്ങളിൽ മഹാൻ അവർകളുടെ ശ്രമഫലമായി വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം തന്നെയാണെന്നും സമസ്തകേരള ജംഈയ്യത്തുൽ ഉലമയുടെ ട്രഷറർ, സമസ്ത കേരള ജംഈയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട്, കൂടാതെ ജില്ലയിലും ജില്ലക്കു പുറത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകനും, രക്ഷാധികാരിയും, നിരവധികാലം പട്ടാമ്പി ടൗൺ പള്ളിയിലെ ഖത്തീബും ഒക്കെയായി സേവനം അനുഷ്ഠിച്ച മഹാൻ അവർകളുടെ വിയോഗത്തിലൂടെ ജില്ലക്ക് പകരം വെക്കാൻ ഇല്ലാത്ത ഒരു പണ്ധിത ശ്രേഷ്ഠരെ ആണ് നഷ്ടമായത് എന്നും അനുശോചനകുറിപ്പിൽ വ്യക്തമാക്കി.