സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവിടാൻ അനുമതി നൽകി സുപ്രീം കമ്മിറ്റി

മസ്കറ്റ്: സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവിടാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകി. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രൂപം കൊണ്ട ഉന്നതാധികാര സമിതിയാണ് സുപ്രീം കമ്മിറ്റി. ഇന്ത്യക്കാർ ഉൾപ്പെടുന്ന പ്രവാസികൾക്ക് ഉത്കണ്ഠ നൽകുന്നതാണ് തീരുമാനം. കമ്പനികൾക്ക് ധാരണയുടെ അടിസ്ഥാനത്തിൽ ശമ്പളം വെട്ടിക്കുറക്കാനും ഇന്നലെ നടന്ന യോഗത്തിൽ അനുവാദം നൽകി. ഇത്തരത്തിൽ പിരിച്ചുവിടപ്പെടുന്ന തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തീർത്തുനൽകണം. കമ്പനികൾക്ക് ധാരണ പ്രകാരം ജോലി സമയം കുറച്ച് 3 മാസത്തേക്ക് ശമ്പളം വെട്ടിക്കുറക്കാം.
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് നിലവിൽ രാജ്യത്തില്ലാത്ത വിദേശികളുടെ റെസിഡന്‍റ് കാർഡുകൾ ജൂൺ അവസാനം വരെ കമ്പനികൾക്ക് പുതുക്കാം. റെസിഡന്‍റ് കാർഡ് പുതുക്കുന്നതിനുള്ള ഫീ 100 ഒമാനി റിയാൽ കുറച്ച് 201 ആക്കിയിട്ടുണ്ട്. അതേസമയം സ്വദേശി തൊഴിലാളികളെ യാതൊരു കാരണവശാലും പിരിച്ചുവിടാൻ പാടില്ലെന്നും അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടെ വാർഷിക അവധി നൽകാനും സുപ്രീം കമ്മിറ്റി ഉത്തരവിട്ടു.