ബഹ്‌റൈനിൽ ലൈറ്റ് മെട്രോ റെയിൽ :ടെണ്ടർ കൈമാറ്റം അടുത്ത മാസം

മനാമ:ബഹ്‌റൈനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതിന്റെ ഭാഗമായി പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള അനുമതി അടുത്ത മാസം നൽകുമെന്ന് ട്രാൻസ്‌പോർട്ട് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വര്ഷം ഫെബ്രുവരി 13 നായിരുന്നു ടെണ്ടർ നടപടികൾ പൂർത്തിയായത്.105 കിലോമീറ്റർ ദൈർഘ്യമുള്ള ലൈറ്റ് മെട്രോ പദ്ധതിയാണ് രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.സ്പാനിഷ് കമ്പനിയായ ഐ ഡി ഓ എം ആണ് പദ്ധതി ഡിസൈൻ ചെയ്തത്.ബഹ്‌റൈൻ അർബൻ ട്രാൻസിറ്റ് നെറ്റ് വർക്ക് പ്രോജക്ടിന്റെ ഭാഗമായി നാല് മെട്രോ ലൈനുകളാണ് 109 കിലോമീറ്റർ ഉൾപ്പെടുന്ന ലൈറ്റ് മെട്രോയിൽ വിഭാവനം ചെയ്യുന്നത്.അന്താരാഷ്ട്ര തലത്തിലുള്ള 8 കമ്പനികളാണ് ടെണ്ടർ സമർപ്പിച്ചിരുന്നത്.അതിൽ കെ പി എം ജി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടർ സമർപ്പിച്ചത് കാരണം കഴിഞ്ഞ നവംബറിൽ ഫേസ് 1 ന്റെ കൺസൾട്ടൻസി സേവനങ്ങൾക്ക് അവർക്ക് അനുമതി നൽകിയിരുന്നു.28.6 കിലോമീറ്റർ ദൈർഘ്യമുള്ള റെഡ്,ബ്ലൂ ലൈനുകളാണ് ആദ്യ ഫെയ്‌സിൽ ആസൂത്രണം ചെയ്യുന്നത്.റെഡ് ലൈൻ എയർപോർട്ട് മുതൽ സീഫ്,ഫിനാൻഷ്യൽ ഹാർബർ,വരെയുള്ള 9 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ്.ബ്ലൂ ലൈൻ ജുഫൈറിൽ ആരംഭിച്ച് ഡിപ്ലോമാറ്റിക് ഏരിയ വഴി കടന്ന് ഇസാ ടൌൺ അവസാനിക്കുന്ന 11 സ്റ്റേഷനുകൾ ഉൾപ്പെടും .രണ്ടു ലൈനുകളും ബാബു അൽ ബഹ്‌റൈൻ,അൽ ഫാറൂഖ് സ്റേഷനുകളുമായി ഇന്റർലിങ്ക് ആയിരിക്കും. ടെണ്ടർ അനന്തര നടപടികൾക്ക് അനുമതി ലഭിച്ചതോടെ ബഹ്‌റൈൻ മെട്രോ എത്രയും പെട്ടെന്ന് യാഥാർഥ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് ബഹ്‌റൈൻ സമൂഹം.