ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും, കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു: പി.സി ചാക്കോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം നിർജീവമായിരുന്നെന്ന് സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും ചാക്കോ പറഞ്ഞു.
സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ വിമർശിച്ചു. ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ചാക്കോ പറഞ്ഞു.
ഡൽഹിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചാക്കോ രംഗത്തെത്തിയത്. ഭൂരിപക്ഷം പ്രവചന ഫലങ്ങളും ആം ആദ്മിക്കും കേജരിവാളിനും അനുകൂലമായാണ് വിധിയെഴുതിയത്.