പ്രകാശൻ്റെ കുടുംബത്തിന് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കി


മനാമ: ബഹ്റൈനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ തിരൂര്‍ കുണ്ടുങ്ങല്‍ സ്വദേശി കെ.പി പ്രകാശൻ്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് കൈമാറി. സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷൻ്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലുള്ള വ്യക്തികളുടെയും ഹോപ് ബഹ്റൈൻ, ഇന്ത്യന്‍ സ്കൂൾ പാരന്റ്സ്, പീപ്പിൾസ് ഫോറം ബഹ്റൈൻ, ഇന്ത്യൻ‍ സ്കൂൾ യു.പി.പി ടീം, ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെയും സഹായത്തോടെ സ്വരൂപിച്ച് നല്‍കിയ തുക കൊണ്ടാണ് രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

പ്രകാശൻ്റെ ആകസ്മിക മരണം മൂലം കുടുംബത്തിനുണ്ടായ പ്രയാസം ദൂരീകരിക്കാനായി സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ രംഗത്തിറങ്ങിയപ്പോള്‍ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള തുടക്കമിടാന്‍ സാധിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ മാസം 21 ന് തിരൂര്‍ കുണ്ടുങ്ങലിലെ പ്രകാശൻ്റെ തറവാട്ടുവീട്ടില്‍ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗം മജീദ് തണല്‍ ഭൂമിയുടെ രേഖ പ്രകാശൻ്റെ മകന്‍ അദില്‍ കൃഷ്ണനും അനുജന്‍ വിനുവിനും കൈമാറി. വൈസ് പ്രസിഡന്‍റ് മുഹമ്മദലി മലപ്പുറം, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, ജിദ്ദ പ്രവാസി സംസ്കാരിക വേദി സെന്‍ട്രല്‍ കമിറ്റി അംഗം എ.കെ സൈതലവി, വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി അശ്റഫ് വൈലത്തൂര്‍, മണ്ഡലം സെക്രട്ടറി ഷറഫുദ്ദീന്‍ കൊളാടി, താനാളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ആര്‍.പി. റുഖിയ, സി.പി.അബൂബക്കര്‍, എം.സി അബൂബക്കര്‍, സി.പി.ഫാത്തിമ, മജീദ് കുണ്ടുങ്ങല്‍, ശംസു കുണ്ടുങ്ങല്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed