പൗരത്വ പ്രതിഷേധം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരായ തുടര്‍ പ്രതിഷേധങ്ങള്‍ക്കായി സർവ്‍വകക്ഷിയോഗം വിളിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്നും, ഇത് ഭരണഘടനാവിരുദ്ധം ആണെന്നും യോഗം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.
തുടര്‍ പൗരത്വ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അമ്പതോളം സംഘടനകളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടന്ന സംയുക്ത സമരത്തിനു പിന്നാലെയാണ് സർവ്‍വകക്ഷിയോഗം സർക്കാർ വിളിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിച്ചതിനു ശേഷമാണ് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെയുണ്ടായ പ്രതിഷേധ പ്രകടനത്തിനെതിരെ മുഖ്യമന്ത്രി അപലപിക്കണമെന്നും, മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയ്‌ക്കെതിരെയുഗ, കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും നടന്ന പ്രതിഷേധങ്ങളില്‍ പ്രമേയം പാസാക്കി യോഗം പിരിയണമെന്ന് ബിജെപി വക്താക്കളായ എംഎസ് കുമാറും ജെആര്‍ പദ്മകുമാറും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി അതിനു തയാറായില്ല. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ യോഗം വിളിച്ചിരിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ബിജെപി നേതാക്കള്‍ പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സര്‍വകക്ഷിയോഗം പുരോഗമിക്കുകയാണ്.