പൗരത്വ ഭേദഗതി: സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ശക്തമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികൾ ആലോചിക്കാൻ ചേര്‍ന്ന സർവ്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. കണ്ണൂരിൽ ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളും കേസും അതിര് കടക്കരുതെന്ന് സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.