അറിയേണ്ടവൻ അറിഞ്ഞപ്പോൾ നടക്കേണ്ടത് നടന്നു; സ്വാമി വിശുദ്ധാനന്ദ


മനാമ: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നും, എന്നാൽ  ചില കാര്യങ്ങളിൽ അറിയേണ്ടുന്നവർ അറിഞ്ഞപ്പോൾ നടക്കേണ്ടത് നടന്നു എന്ന് ശിവഗിരി മഠംപ്രസിഡണ്ട് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. പത്മശ്രീ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് ഇന്ത്യൻ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിൽ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തെയും തുടർന്ന് ശിവഗിരി മഠത്തിനുണ്ടായ നേട്ടങ്ങളെപ്പറ്റിയും ഇത്തരത്തിൽ സൂചിപ്പിച്ചത്. ബഹ്‌റൈനിലെ ശ്രീനാരായണീയരുടെ സംഘടനകളെപ്പറ്റിയും അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ പേരിൽ തന്നെ ബഹ്‌റൈനിൽ പോലും രണ്ടു സംഘടന ഉണ്ടെന്നും അവർ തമ്മിലുള്ള മത്സരത്തെയും അദ്ദേഹം പരസ്യമായി വിമർശിച്ചു. ശ്രീനാരായണീയർ തന്നെ പരസ്പര മത്സരം ഇനിയെങ്കിലും നിർത്തിക്കൂടെ എന്ന് വേദിയിൽ ഉണ്ടായിരുന്ന ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഭാരവാഹികളെയും ഗുരുദേവാ സോഷ്യൽ സൊസൈറ്റി ഭാരവാഹികളെയും വേദിയിൽ ഇരുത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു. ആര് വലുത് ആര് വലുത് എന്നുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. 

article-image

മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുന്ന വേളയിൽ ആണ് ശിവഗിരി ആശ്രമത്തിന്റെ പ്രത്യേക ക്ഷണപ്രകാരം അതിൽ എത്തിച്ചേർന്നത്. അപ്പോൾ പലരും തങ്ങളെ കുറ്റപ്പെടുത്തി. എന്നാൽ സന്യാസി സമൂഹത്തിന്റെ ദീർഘവീക്ഷണം എന്നപോലെ തന്നെ കൃത്യം നൂറ്റിഒന്ന്  ദിവസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. പിന്നീട് രാജ്യത്തിന്റെ ആധ്യാത്മിക പരമായ ഉയർച്ചയിലേക്ക് ഭാരതത്തെ മാറ്റുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ആയതിനു ശേഷം മോഡി ഗുരുവായൂർ ക്ഷേത്ര  ദർശനത്തിന് എത്തിയപ്പോൾ ആകെ ക്ഷണിക്കപ്പെട്ട ആധ്യാത്മിക സംഘടന ശിവഗിരി മഠം മാത്രമായിരുന്നു. അതിന്റെ പ്രതിനിധിയായി ഗുരുവായൂരിൽ എത്തുകയും പ്രധാനമന്ത്രിയെ കാണുകയും ചെയ്തു. രണ്ടു കൈയും പിടിച്ചു ശിവഗിരിയിലേയ്ക്ക് ഏതാണ് കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ചു. കേരളത്തിൽ നിന്ന് വളരെ താഴെക്കിടയിൽ നിന്നുള്ളവരുടെ പ്രതിനിധിയായി ഒരു രാഷ്ട്രപതി പോലും ഉണ്ടായിരുന്നിട്ടു കൂടി ചെയ്യാൻ കഴിയാതിരുന്ന പല കാര്യങ്ങളും സന്യാസി സമൂഹത്തിനും ശിവഗിരി ആശ്രമത്തിനും വേണ്ടി മോഡി ചെയ്തതായും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം അങ്കണത്തിൽ വാദ്യ മേളങ്ങളോടെയാണ് സ്വാമിയെയും വിശിഷ്ടാതിഥികളെയും സംഘാടക സമിതി ചെയർമാൻ ബാബുരാജ്, സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി രഘു എന്നിവർ ചേർന്ന് സ്വീകരിച്ചത്. തുടർന്ന് നടന്ന പരിപാടിയിൽ പി.വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ജി ബാബുരാജ് ആമുഖ പ്രസംഗം നടത്തി. തുടർന്ന് വിശുദ്ധാനന്ദ സ്വാമി വിളക്ക് കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു. സ്വാമിക്കുള്ള ഉപഹാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈമാറി. കുമ്മനം രാജശേഖരൻ സ്വാമിയെ പൊന്നാട അണിയിച്ചു. രാധാകൃഷ്ണപിള്ള പ്രശസ്തി പത്രം കൈമാറി. വിവിധ സംഘടനാ പ്രതിനിധകളും വേദിയിൽ ഉണ്ടായിരുന്നു. തുടർന്ന് ചലച്ചിത്രതാരം മഞ്ജു വാര്യരുടെ നൃത്ത പരിപാടിയും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed