വ്യാജ എ ടി എം : ബഹ്‌റൈൻ പ്രവാസിയുടെ എൻ ആർ ഇ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു
മനാമ: ബഹ്‌റൈൻ പ്രവാസിയുടെ എൻ ആർ ഇ അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ വ്യാജ എ ടി എം ഉപയോഗിച്ച് പണം പിൻവലിച്ചതായി പരാതി. ബഹ്‌റൈൻ പ്രവാസി കൊച്ചി കളമശേരി സ്വദേശി മുസ്തഫാ സുനിൽ ബാബുവിന്റെ അക്കൗണ്ടിൽ നിന്നാണ് 5500 രൂപ നഷ്ടപ്പെട്ടത്. നാട്ടിലുള്ള പിതാവ് പണം എടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിഞ്ഞത്. തുടർന്ന് ബഹ്‌റൈനിലുള്ള മുസ്തഫാ സുനിലിനെ അറിയിച്ചു. മെയിൽ പരിശോധിച്ചപ്പോഴാണ് ജൂൺ 11 ന് ടിവോളി ഗാർഡൻ ചാറ്റ് എന്ന സ്‌ഥലത്തെ (ഡൽഹി)എ ടി എം ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള ബാങ്കിന്റെ സന്ദേശം ശ്രദ്ധിച്ചത്.തുടർന്ന് സുനിൽ നിർദേശിച്ച പ്രകാരം നാട്ടിൽ പരാതി നൽകിയിരിക്കുകയാണ്. കളമശേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ ആണ് മുസ്തഫാ സുനിലിന് അക്കൗണ്ട് ഉള്ളത്.

