പാലക്കാട്ടെ വാഹനാപകടത്തിൽ മരിച്ചവരിൽ ബഹ്‌റൈൻ പ്രവാസിയുടെ മകനും

മനാമ: പാലക്കാട് തണ്ണിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപം ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരാൾ ബഹ്‌റൈൻ പ്രവാസിയുടെ മകനും ഉൾപ്പെടുന്നു.ബഹ്‌റൈനിൽ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന ചെറുത്തുത്തി മുള്ളൂർക്കര വെട്ടിക്കാട്ടിരി മന്തിയിൽ യൂസഫിന്റെ മകൻ ഉമ്മർ ഫാറൂഖ് (20)ആണ് മരിച്ച എട്ടു പേരിൽ ഒരാൾ.കഴിഞ്ഞ 20 വർഷത്തോളമായി സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാര സ്‌ഥാപനത്തിൽ ജോലി ചെയ്‌തുവരികയാണ് യൂസഫ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഷാഫിയെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പുലർച്ചെയാണ് യൂസഫ് അപകട വിവരം അറിഞ്ഞത്. അപകടവിവരം അറിഞ്ഞ് ഇന്നലെ വൈകീട്ടത്തെ ഗൾഫ് എയറിന് യൂസഫ് നാട്ടിലേയ്ക്ക് തിരിച്ചു.കെ എം സി സി യുടെ തൃശൂർ ജില്ലാ മുൻ സെക്രട്ടറി കൂടിയാണ് യൂസഫ്. യൂസഫിന്റെ കുടുംബത്തിലുണ്ടായ ദാരുണ സംഭവം സെൻട്രൽ മാർക്കറ്റിലെ സഹപ്രവർത്തകരേയും ബഹ്‌റൈൻ പ്രവാസികളേയും ദുഃഖത്തിലാഴ്ത്തി.