ഗിരിഷ് കർണാടിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ബംഗലുരു: അന്തരിച്ച എഴുത്തുകാരനും നടനും നാടകാചാര്യനുമായ ഗിരിഷ് കർണാടിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടിന്റെ വിയോഗത്തിൽ താൻ അത്യന്തം ദുഖിതനാണെന്നും അദ്ദേഹത്തിന്റെ കൃതികൾ എന്നും പ്രശസ്തി നേടി നിലനിൽക്കട്ടേയെന്നുമാണ് മോദി ട്വിറ്ററിലൂടെ പറഞ്ഞത്.
എല്ലാ മേഖലകളിലുമുള്ള ഗിരിഷ് കർണാടിന്റെ അഭിനയ നൈപുണ്യം എക്കാലത്തേക്കും ഓർക്കപ്പെടും. തനിക്ക് പ്രിയപ്പെട്ടത് എന്ന് തോന്നിയ വിഷയങ്ങളെക്കുറിച്ച് അങ്ങേയറ്റം വികാരവിക്ഷോപത്തോടെ അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ കൃതികൾ എക്കാലവും പ്രശസ്തമായി തന്നെ നിലകൊള്ളട്ടെ. ആ വിയോഗത്തിൽ അങ്ങേയറ്റം വിഷമമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. മോദി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെ നിരവധി പേർ ഗിരിഷ് കർണാടിന് ആദരാഞ്ജലിയുമായി രംഗത്ത് വന്നിരുന്നു. നടൻ കമലഹാസൻ, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല, ശശി തരൂർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരാണ് തങ്ങൾക്ക് കർണാടിനോടുള്ള സ്നേഹവും ആദരവും വെളിവാക്കിയത്. ‘അദ്ദേഹം അവശേഷിപ്പിച്ച കൃതികൾ ഒരുപക്ഷെ അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഃഖം ലഘൂകരിച്ചേക്കാം. കമലഹാസൻ ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ബംഗലൂരുവിലെ ഒരു ആശുപത്രിയിൽ വച്ച് ഗിരിഷ് കർണാട് യാത്രയാകുന്നത്. 81 വയസായിരുന്നു. തന്റെ രാഷ്ട്രീയ നിലപാട് വെളിവാക്കാൻ ഒരിക്കലും മടി കാണിക്കാതിരുന്ന കർണാട് ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവാണ്. 1998ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. ഇതിനുമുന്പ് പദ്മശ്രീ, പദ്മഭൂഷൺ എന്നീ പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.