ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മെയ് ദിനത്തിൽ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. പ്രവാസി സമൂഹത്തിൽ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പ് ബുധനാഴ്ച്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണിവരെ സ്‌കൂളിന്റെ ഇസ ടൗൺ ക്യാമ്പസിലാണ് നടക്കുക. യുനെസ്‌കോയുടെ ആരോഗ്യവും ക്ഷേമവും എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ബഹ്റൈനിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ,മിഡിൽ ഈസ്റ് ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, ബഹ്റൈന്‍ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക്, കിംസ് ബഹ്റൈന്‍ മെഡിക്കൽ സെന്റർ, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ ക്യാമ്പിൽ സന്നിഹിതരായിരിക്കും.
അടിയന്തര സാഹചര്യത്തിൽ ശ്വാ സോച്വസം നൽകുന്നതിനെ കുറിച്ചും വ്യായാമ മുറകളെ കുറിച്ചും പരിശീലന ക്‌ളാസുകൾ ഉണ്ടായിരിയ്ക്കും. കാർഡിയോളജി, ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, ഡെര്മറ്റോളജി ,ഡന്റിസ്ട്രി ,സ്ട്രെസ് മാനേജ്‌മെന്റ് എന്നിവയിൽ വിദഗ്ധ ഡോക്ടർമാർ സേവനം നൽകും.ബി എം ഐ, ഇ സി ജി, പ്രമേഹം ,കൊളസ്‌ട്രോൾ തുടങ്ങിയവ പരിശാധനകൾ സൗജന്യമായി നൽകും. കൂടാതെ ആശുപത്രികൾ പ്രത്യേക ഓഫറുകളും നൽകുന്നതാണ്.
ഇന്ത്യൻ സ്‌കൂളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അവരുടെ സഹോദരങ്ങളെയും ഉദ്ദേശിച്ചാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. രക്ഷിതാക്കൾക്ക് https://forms.gle/TPnZXKJfi8mAYHi9A എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.