തണുപ്പ് എത്തിയില്ല; മൂടിപ്പുതച്ച് വിപണി

മനാമ: രാജ്യത്ത് ശീതകാലം ആരംഭിച്ചുവെങ്കിലും പ്രതീക്ഷിച്ചത്രയും തണുപ്പ് അനുഭവപ്പെടാത്തത് ശീതകാല വിപണിയെ തളർത്തി. ശൈത്യം പ്രതീക്ഷിച്ചു വിപണിയിൽ എത്തിയ വസ്ത്രങ്ങളുടെയും റൂം ഹീറ്ററുകളുടെയും വിപണിയിൽ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മനാമ സൂഖിലും മറ്റു വസ്ത്ര സ്‌ഥാപനങ്ങളിലും ശൈത്യകാലത്തെ പ്രധാന ബിസിനസാണ് ബ്ളാങ്കറ്റ്,ജാക്കറ്റ്,തുടങ്ങി മറ്റു തണുപ്പ് വസ്ത്രങ്ങളുടെയും കച്ചവടം. ജനുവരിയുടെ തുടക്കത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട കച്ചവട സ്‌ഥാപനങ്ങൾ എല്ലാം തന്നെ ഇത്തരം മെറ്റിരിയലുകളുടെ സ്റ്റോക്ക് എത്തിച്ചിരുന്നു. ജനുവരി തുടക്കം തൊട്ടു തന്നെ ഇവ പ്രദർശനത്തിന് വെക്കുകയും ചെയ്തു. എന്നാൽ ഒന്നോ രണ്ടോ ദിവസം ഒഴികെ രാജ്യത്തു കാര്യമായ ശൈത്യം അനുഭവപ്പെട്ടില്ല. അതോടെ ശൈത്യകാല വിപണി മന്ദഗതിയിലായി. പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും കുട്ടികൾക്ക് വേണ്ടിയും മുതിർന്നവർക്കുമുള്ള ശൈത്യകാല വസ്ത്രങ്ങളാണ് കൂടുതലും സ്റ്റോക്ക് എത്തിച്ചിട്ടുള്ളത്. എന്നാൽ മന്ദഗതിയിലുള്ള വിൽപ്പന കാരണം പലരും ഇപ്പോൾ പ്രത്യേക ഓഫർ നൽകിയാണ് ഇവ വിറ്റഴിക്കുന്നത്.
വർഷത്തിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് തണുപ്പുകാല വസ്ത്രങ്ങൾക്ക് ഡിമാൻഡ് ഉള്ളത്. ഒരു സീസണിൽ വിറ്റഴിയാത്തവ സീസണിലേക്ക് സൂക്ഷിച്ചു വെക്കാനും കഴിയില്ല. കാരണം അപ്പോഴേയ്ക്കും അവ പഴയ മോഡലുകളായി മാറുകയും ഡിമാൻഡ് ഇല്ലാതാവുകയും ചെയ്യുന്നുവെന്ന് മനാമയിലെ ഒരു വ്യാപാരി പറഞ്ഞു. വരുന്ന ദിവസങ്ങളിൽ എങ്കിലും തണുപ്പ് കൂടിയില്ലെങ്കിൽ വിപണി വലിയ നഷ്ടത്തിലാകുമെന്നും വ്യാപാരികൾ പറയുന്നു. അതുപോലെ തന്നെയാണ് റൂം ഹീറ്ററുകളുടെയും വിൽപ്പന വളരെ മന്ദഗതിയിലാണ് നടക്കുന്നത്. വ്യത്യസ്ത മോഡലുകളിൽ ഉള്ള നിരവധി റൂം ഹീറ്ററുകൾ ആണ് വിപണിയിൽ എത്തിയിട്ടുള്ളതെങ്കിലും ഓയിൽ റൂം ഹീറ്ററുകൾ പൊതുവെ അപകട രഹിതമായതിനാൽ അവയ്ക്കാണ് ഡിമാൻഡും വിലക്കൂടുതലും. എന്നാൽ ഇക്കുറി റൂം ഹീറ്ററുകൾ ഉപയോഗിക്കാനുള്ള താപനില ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നത് ഈ വിപണിയെയും തളർത്തുന്നു.
ഹൈപ്പർ മാർക്കറ്റുകളിലും ഗൃഹോപകരണ വിൽപ്പന കേന്ദ്രങ്ങളിലും പ്രത്യേക ശ്രദ്ധ ലഭിക്കുന്ന രീതിയിൽ റൂം ഹീറ്ററുകൾ പ്രദർശനത്തിന് വച്ചിട്ടുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ഈ വിഭാഗത്തിലെ സെയിൽസ് വിഭാഗം പറയുന്നു. വരും ദിവസങ്ങളിലെങ്കിലും തണുപ്പ് കൂടിയില്ലെങ്കിൽ ഈ വർഷത്തെ ശൈത്യകാല വിപണി വൻ നഷ്ടത്തിലാകുന്ന ആശങ്കയിലാണ് വ്യാപാരി സമൂഹം