പൃഥ്വിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

എറണാകുളം: നാലു വർഷത്തിന് ശേഷം പൃഥ്വിരാജും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. 2015ൽ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്ന ചിത്രം അനാർക്കലി മികച്ച വിജയമാണ് നേടിയത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രണയ കഥയുടെ സംവിധായകൻ സച്ചിയാണ്. ഇപ്പോളിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അതും സച്ചിയുടെ തന്നെ ചിത്രത്തിൽ.
അയ്യപ്പനും കോശിയും എന്നാണ് പുതിയ ചിത്രത്തിന്റെ പേരെന്നാണ് വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം പുതിയ സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജും ബിജു മേനോനും ഉളളത്. ലൂസിഫർ സംവിധാനം ചെയ്ത ശേഷം ബ്ലെസ്സിയുടെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിയുളളത്. നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോൻ ഇപ്പോൾ അഭിനയിക്കുന്നത്.