ഗവണ്മെന്റ് ആക്ഷൻ പ്ലാൻ 2015-2018 : പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായി

മനാമ : ഗവണ്മെന്റ് ആക്ഷൻ പ്ലാൻ 2015-2018 പദ്ധതിയിൽ ഉൾപ്പെടുന്ന ദേശീയ പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് വിലയിരുത്തി. ഗവണ്മെന്റ് ആക്ഷൻ പ്ലാനിലൂടെ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് കാബിനറ്റ് അഫേഴ്‌സ് മിനിസ്റ്റർ മന്ത്രിസഭയിൽ ഒരു പ്രെസന്റേഷൻ നടത്തി. ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, യുവജന ക്ഷേമം എന്നിങ്ങനെ പൗരന്മാർക്ക് നൽകുന്ന സേവങ്ങളും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടതുമായ 321 പദ്ധതികൾ 35 മിനിസ്ട്രികളും സർക്കാർ വകുപ്പുകളും പൂർണമായി നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർയും ഉടൻ തന്നെ പൂർത്തിയാക്കും.
വിവിധ പദ്ധതികളിൽ മുൻഗണനകളും പ്രതിജ്ഞകളും നടപ്പാക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 25,000 ഭവനങ്ങൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നതിൽ 17,639 യൂണിറ്റുകൾ ഇതിനോടകം വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഇതോടൊപ്പം 3,095 ഹൌസിംഗ് യൂണിറ്റുകളുടെ പണികൾ നടക്കുന്നതായും 5,043 യൂണിറ്റുകൾ ഉടൻ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ആറു വിദ്യാലയങ്ങളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. മൂന്ന് ആരോഗ്യ കേന്ദ്രങ്ങളും ആറ് സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററുകളും നിർമ്മിച്ചിട്ടുണ്ട്. രണ്ട് ആശുപത്രികളുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
യുവജനങ്ങൾക്കായി സർക്കാർ രണ്ട് മോഡൽ യൂത്ത് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്കായുള്ള മറ്റ് പദ്ധതികളും പുരോഗമിക്കുകയാണ്. സർക്കാർ മേഖലയിലെ കമ്പനികളിലും നഗരവികസനമേഖലയിലെ സ്വകാര്യ കമ്പനികളിലും വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ സർക്കാരിന്റെ വിജയവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബഹ്റൈനിലെ ടൂറിസം മേഖലയിലും വ്യവസായ മേഖലയിലും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും ഗവൺമെന്റിന് സാധിച്ചിട്ടുണ്ട്. വികസന പദ്ധതികളിൽ ഗവൺമെന്റ് മേഖലയിൽ 10 ബില്ല്യൺ യു.എസ് ഡോളറും, സ്വകാര്യമേഖലയിൽ 15 ബില്യൺ യു.എസ് ഡോളറും നിക്ഷേപമുണ്ട്.