കൂമ്പും കാമ്പും ഉണ്ടോ?:വാങ്ങിക്കാൻ മലയാളികളും എത്തും

രാജീവ് വെള്ളിക്കോത്ത്
മനാമ:സ്വന്തം നാട്ടിൽ നാട്ടു നനച്ചുണ്ടാക്കിയ പഴവർഗ്ഗങ്ങളോടും പച്ചക്കറികളോടും തന്നെയാണ് മലയാളികൾക്ക് ഇപ്പോഴും ഇഷ്ടം. പ്രതേകിച്ചു സെൻട്രൽ മാർക്കറ്റിൽ ഇവ വാങ്ങാനെത്തുന്ന മലയാളികൾ കൂടുതൽ ആവശ്യപ്പെടുന്നത് നാട്ടിലേതാണോ എന്നുള്ള ചോദ്യവുമായാണ്.നാട്ടിൽ നിന്നുള്ള പച്ചക്കറിയാണെങ്കിൽ അതിലുള്ള വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നു തന്നെയാണ് സെൻട്രൽ മാർക്കറ്റിലെ വാരാന്ത്യങ്ങൾ തെളിയിക്കുന്നത്. വാഴക്കൂമ്പായാലും വാഴക്കാമ്പ് അയാലും വില അൽപ്പം കൂടിയാലും സാരമില്ല,നമ്മുടെ നാട്ടിലേത് തന്നെ വേണമെന്നുള്ള നിബന്ധന തന്നെയാണ് മലയാളികൾക്ക് എന്നും. പ്രത്യേകിച്ച് കുടുംബിനികൾക്കൊപ്പം സെൻട്രൽ മാർക്കറ്റിൽ എത്തുന്നവരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നു സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
വെള്ളരിക്ക,മത്തൻ,ചക്ക തുടങ്ങി കറിവേപ്പില പോലും നാട്ടിലേതാണെന്ന് പറഞ്ഞാൽ അവരുടെ മുഖത്തുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണെന്നാണ് സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന ബാബുവിന്റെ അഭിപ്രായം.നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങളെ അപേക്ഷിച്ചു സൗദി അറേബ്യാ അടക്കമുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് വില കുറവാണെങ്കിലും കേരളത്തിൽ നിന്നുള്ളവ ഉണ്ടെങ്കിൽ അത് തന്നെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. ബാച്ചിലർമാർ,റസ്റ്റോറന്റ്,ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലേക്ക് വേണ്ടി വാങ്ങിക്കുന്നവരാണ് അത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതെന്നും സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു.