നിപ നിരോധനം നീങ്ങി:കേരളത്തിലെ പച്ചക്കറികൾ എത്തിത്തുടങ്ങി

മനാമ:കേരളത്തിൽ ഉണ്ടായ നിപ വൈറസ് ബാധ മൂലം പഴം പച്ചക്കറി വർഗ്ഗങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതോടെ സെൻട്രൽ മാർക്കറ്റിലും മറ്റും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്ക് ആവശ്യക്കാരും എത്തിത്തുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു. നിപ വൈറസ് ബാധ ഉണ്ടായത് മൂലം കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കുറച്ചു കാലമായി രാജ്യത്തു നിരോധിച്ചിരിക്കുകയായിരുന്നു. വൈറസ് ബാധ പൂർണ്ണമായും ഒഴിഞ്ഞിട്ടും അന്ന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കാത്തതിനാൽ സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും കേരളത്തിൽ നിന്ന് തന്നെയുള്ളവ മറ്റു വിമാനത്താവളങ്ങൾ വഴിയുമാണ് രാജ്യത്തു കൊണ്ട് വന്നിരുന്നത്. അത് കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വാൻ വിലയായിരുന്നു ഈടാക്കിയിരുന്നത്.
വ്യപാരികൽ ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പാർലമെന്റ് അംഗം അടക്കം ഇടപെട്ടാണ് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചത്. .വില കൂടുതലാണെങ്കിലും കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തന്നെയാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. വെള്ളി,ശനി ദിവസങ്ങളിൽ ആണ് സെൻട്രൽ മാർക്കറ്റിൽ കൂടുതൽ കൂടുതൽ മലയാളികൾ എത്തുന്നത്.
തേങ്ങ,ഏത്തപ്പഴം,ചെറുപഴം,കോവയ്ക്ക,മുരിങ്ങക്ക,പാവയ്ക്ക,പയർ,കറിവേപ്പില,പപ്പായ,കപ്പ തുടങ്ങിയവയാണ് കേരളത്തിൽ നിന്നും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. വാഴക്കാമ്പ്,വാഴയില,വാഴക്കൂമ്പ് തുടങ്ങിയവയും പ്രത്യേകമായി കേരളത്തിന്റേത് തന്നെ അന്വേഷിച്ചെത്തുന്നവരും കുറവല്ല നിരോധനം വന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലരുടെയും ബിസിനസ് നഷ്ടത്തിലായിരുന്നു. കഴിഞ്ഞ 4 മാസമായി നിപ വൈറസ് മൂലമുള്ള നിരോധനം കാരണം ഉണ്ടായ നഷ്ടം വരും ദിവസങ്ങളിൽ നികത്താനാവുമെന്നുള്ളതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ. സെൻട്രൽ മാർക്കറ്റിലെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതും ഇപ്പോൾ വലിയ അനുഗ്രഹമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.