സംഗീതത്തിൽ വിസ്മയം തീർത്ത് തൻവി


മനാമ : ചെറിയ പ്രായത്തിലെ നിരവധി അവസരങ്ങൾ തേടിയെത്തിയ ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്ക് തന്നെ അഭിമാനമായ കൊച്ചു കലാകാരിയാണ് ആറ് വയസുകാരി തൻവി ഹരി. തന്റെ നാലാമത്തെ വയസ്സുമുതലാണ് തൻവി വേദികളിൽ സംഗീതം ആലപിച്ചു തുടങ്ങിയത്. തുടർന്നുള്ള വർഷങ്ങളിൽ എല്ലാം തന്നെ തൻവി എന്ന കൊച്ചു പ്രതിഭയ്ക്ക് വേദികളും അവസരങ്ങളും എണ്ണിയാൽ തീരാത്തതായിരുന്നു. നൂറോളം വേദികൾ ഇപ്പോൾ തന്നെ പിന്നിട്ട തൻവി മലയാളം, ഹിന്ദി, തമിഴ് തുടങ്ങി അന്പതോളം ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു. നാല് സ്റ്റേജ് ഷോയും ചെയ്തിട്ടുണ്ട്.

ആലാപനത്തിലെ മികവ് കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും തൻവിയുടെ സംഗീതം സദസ്സിനെ പിടിച്ചിരുത്തും. ശേഷം കാഴ്ച്ചയിൽ എന്ന സിനിമയിലെ മോഹം കൊണ്ട് ഞാൻ എന്ന് തുടങ്ങുന്ന എസ്. ജാനകി പാടി മനോഹരമാക്കിയ ഗാനം തൻവി നിരവധി വേദികളിൽ പാടി സംഗീതാസ്വാദകരുടെ ഹൃദയം കവർന്നിട്ടുണ്ട്. അത് പോലെ തന്നെ എന്നും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച മന്ദാര ചെപ്പുണ്ടോ എന്ന ഗാനവും തൻവി അനായാസം പാടി വേദിയെ കയ്യിലെടുത്തിട്ടുണ്ട്. കുട്ടികളുടെ തന്നെ പ്രിയപ്പെട്ട പാട്ടായ മിനുങ്ങും മിന്നാ മിനുങ്ങേ എന്ന ഗാനവും തൻവിയുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഉണ്ട്.

രണ്ടാമത്തെ വയസ്സിലാണ് തൻവി ബഹ്‌റൈനിൽ എത്തുന്നത്. സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ നിന്ന്, അമ്മ രമ്യ പാടിയ താരാട്ടു പാട്ടുകൾ രണ്ടാം വയസ്സിൽ ഏറ്റുപാടിയാണ് സംഗീത ലോകത്തേക്കുള്ള ഈ കുരുന്നിന്റെ രംഗ പ്രവേശം. സംഗീതത്തെ ഏറെ ഇഷ്ടപെടുന്ന മാതാപിതാക്കൾ തൻവിയുടെ കഴിവിനെ പരമാവധി പ്രോൽസാഹിപ്പിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ മൂന്നാം വയസ്സുമുതൽ തൻവി താളവും പല്ലവിയും അനുപല്ലവിയും ഒന്നും തെറ്റാതെ ഗാനങ്ങൾ ഏവരെയും അത്ഭുതത്തിലാഴ്ത്തി കൊണ്ട് തന്നെ ആലപിക്കാൻ തുടങ്ങി.

ഇന്ത്യൻ സ്‌കൂളിലെ സംഗീത അധ്യാപിക കൂടിയായ രമ്യ ന്യൂ ബീറ്റ്സ് വോയിസ് എന്ന പുതിയ മ്യൂസിക് ബാൻഡ് തുടങ്ങുകയും അതിന്റെ പരിശീലനങ്ങളിലും മറ്റും കണ്ടും കേട്ടും വളർന്ന കൊച്ചു തൻവി തന്റെ സംഗീത വാസനയെ കൂടുതൽ പരിപോഷിപ്പിക്കാനും ഏറ്റവും മികവുറ്റതാക്കാനും തുടങ്ങി. ഇതെല്ലാം തന്നെ തൻവി എന്ന സംഗീത പ്രതിഭയെ സംഗീതത്തോട് ചേർത്ത് വെയ്ക്കുകയായിരുന്നു. മ്യൂസിക് ആൽബത്തിലും പാടാനുള്ള അവസരവും ഉണ്ടായിട്ടുണ്ട്. നിരവധി ചാനലുകളിൽ തൻവിയെ കുറിച്ചുള്ള പ്രോഗ്രാമുകളും വന്നു കഴിഞ്ഞു കലയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്ന ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്ക് ഇപ്പോൾ തൻവിയുടെ പാട്ട് ഏറ്റവും പ്രിയപ്പെട്ടതാണ്.

കാസർഗോഡ് ജില്ലയിയെ തൃക്കരിപ്പൂരാണ് സ്വദേശം. തന്റെ മകളുടെ വളർച്ചയിൽ അഭിമാനവും സന്തോഷവും, ലോക സംഗീത ലോകത്ത് തൻവിയുടെ സ്വരം വേറിട്ടതാകട്ടെ എന്ന പ്രാർത്ഥനയുമാണ് ഉള്ളതെന്നും മാതാപിതാക്കളായ രമ്യയുടേയും ഹരിയുടെയും ഭാഷ്യം.

You might also like

  • Straight Forward

Most Viewed