ബഹ്‌റൈൻ ജനതയുടെ ദേശസ്നേഹത്തെ പ്രശംസിച്ച് ഹമദ് രാജാവ്

മനാമ : ദേശസ്നേഹവും ഐക്യദാർഢ്യവും സംരക്ഷിക്കുന്നതിന് ലോകമെമ്പാടുമുള്ള ബഹ്റൈനികളുടെ ശ്രമത്തിനെ പ്രശംസിച്ച് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്. വികസനത്തിനും പുരോഗതിക്കുമായി പിതാമഹന്മാർ സഞ്ചരിച്ചിരുന്ന പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിൽ ഷെയ്ക്ക് ഹമദ് പാലസിൽ വ്യവസായ രംഗത്തെ പ്രമുഖർക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ (ബിസിസിഐ) നിലവിലെ ചെയര്മാനെയും, മുൻ ചെയർമാനേയും വ്യവസായികളേയും രാജാവ് സ്വാഗതം ചെയ്തു. ദേശീയ വികസനത്തിന് ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിന് സംഭാവനകൾ നൽകുന്ന വ്യവസായികളുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ ഭരണ നേട്ടത്തിനും ബഹ്‌റൈൻ ജനതയുടെ സഹകരണത്തിനും ഹമദ് രാജാവ് നന്ദി അറിയിച്ചു.
ബഹ്‌റൈന്റെ പുതിയ ഊർജ്ജ കണ്ടുപിടുത്തങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം എണ്ണ ഉത്പാദനം, വിതരണം തുടങ്ങിയ ബഹ്റൈന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൾക്ക് നന്ദി അറിയിച്ചു. സാമ്പത്തിക വികസനവും വരാനിരിക്കുന്ന പാർലമെന്ററി, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളും സമ്മേളനത്തിൽ ചർച്ചയായി.
ബഹ്റൈൻ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നതിനായി എല്ലാ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്കായി വീടുകളുംവിദ്യാഭ്യാസ സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനപ്പെട്ട പ്രോജക്ടുകൾക്ക് സ്വകാര്യമേഖലയുടെ സഹകരണം ഉറപ്പുവരുത്തുമെന്നും ഹമദ് രാജാവ് വ്യക്തമാക്കി.