കേരളം നികുതി കുറയ്ക്കില്ല, കേന്ദ്രം കൂട്ടിയത് മുഴുവന്‍ കുറയ്ക്കട്ടെയെന്ന് തോമസ് ഐസക്.

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്‍പത് രൂപയോളം നികുതി കൂട്ടിയ ശേഷമാണ് ഒന്നര രൂപ കുറച്ചത്. ഡീസലിന് 14 രൂപയും നികുതി കൂട്ടി. കേന്ദ്രം കൂട്ടിയ തുക മുഴുവന്‍ കുറയ്ക്കട്ടെ അതിന് ശേഷം നികുതി കുറയ്ക്കുന്നത് ആലോചിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ധനവിലയില്‍ രണ്ടരരൂപ കുറച്ചതായുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. വര്‍ധിപ്പിച്ച തുകയത്രയും കുറയ്ക്കാന്‍ ആദ്യം കേന്ദ്രം തയ്യാറാവട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതിയില്‍ രണ്ടര രൂപ കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെ മഹാരാഷ് ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ രണ്ടര രൂപ വീതം നികുതി കുറയ്ക്കുകയുണ്ടായി.