ശബരിമല വിഷയത്തിൽ പ്രവാസലോകത്തും പ്രതിഷേധം സംഘടിപ്പിച്ചു


മനാമ: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തെക്കുറിച്ച് പ്രവാസലോകത്തും വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ  മലയാളിക്കൂട്ടായ്മയുടെ  ആഭിമുഖ്യത്തിലാണ്  പ്രതിഷേധ സംഗമം സംഘടിപ്പിച്ചത. സുപ്രീം കോടതിയുടെ ഉത്തരവ് മാനിച്ചുകൊണ്ട് ഇന്ത്യൻ നിയമത്തിന് എല്ലാ ആദരവും നൽകിക്കൊണ്ട് ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി പിന്തുടരുവാൻ എല്ലാ അയ്യപ്പസ്വാമി ഭക്തരും ഒത്തൊരുമിക്കുവാൻ വേണ്ട കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഇതിന്റെ സംഘാടകർ അറിയിച്ചു.. ബഹ്‌റൈനിൽ മലയാളികളിൽ നിന്നും ശബരിമല യുവതി പ്രവേശനത്തിനെതിരെ പരമാവധി  ഒപ്പുകൾ ശേഖരിച്ച് ഇന്ത്യൻ എംബസി വഴി ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകുവാനും കൂട്ടായ്മ  തീരുമാനിച്ചു.

സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റോറന്റിൽ ചേർന്ന  യോഗത്തിൽ സിസിൽ സോമൻ സ്വാഗതം ആശംസിച്ചു. ജയകുമാർ, ശശി.എം വി ,പ്രദോഷ്, രാജേഷ്, മുരളി, ഷൈൻ, പ്രശാന്ത് കെ. കെ, സുധീരൻ, സുനീഷ്,  പ്രീത ബൈജു എന്നിവർ സംസാരിച്ചു. സുപ്രീം കോടതിയിൽ കേരള സർക്കാർ ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയതാണ് വിധി ഇപ്രകാരം ആയിത്തീരുവാൻ കാരണം എന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യത്തിൽ എല്ലാ വിധ പിന്തുണയുംപ്രവാസി  സമൂഹം നൽകണമെന്നും വിശ്വാസികൾ  ഒറ്റക്കെട്ടായി നിലകൊണ്ട് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ കാത്തുകൊള്ളണമെന്നും പ്രതിജ്ഞയെടുത്തു. ജയകുമാർ നന്ദി പറഞ്ഞു 

You might also like

Most Viewed