ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി മഹോത്സവവും വിദ്യാരംഭവും വിപുലമായി ആഘോഷിക്കുന്നു

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂഗാർഡൻ ബഹ്റൈൻ ,കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരാറുള്ള നവരാത്രി മഹോത്സവവും വിദ്യാരംഭവും ഈ വർഷവും നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവ ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ 10 ന് ബുധനാഴ്ച വൈകിട്ട് 7:30 ന് ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ വെച്ച് ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് ചെയർമാൻ കെ ജി ബാബുരാജ് നിർവഹിക്കും.
തുടർന്ന് വരുന്ന എല്ലാദിവസങ്ങളിലും രാത്രി 7:30 മുതൽ വിശേഷാൽ പൂജയും പ്രാർത്ഥനയും ഉണ്ടായിരിക്കും.ഒക്ടോബർ 19 ന് വെളളിയാഴ്ച വിജയദശമി നാളിൽ രാവിലെ 5.00 മണി മുതൽ ശബരിമല ക്ഷേത്ര പിൻതുടർച്ച അവകാശിയും , പന്തളം രാജകൊട്ടാരം രാജപ്രതിനിധിയുമായ ശശികുമാർ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.
കേരള സംസ്ഥാന സെക്രെട്ടറിയേറ്റിലെ ജോയൻറ് സെക്രട്ടറിയായും , മുൻ തദ്ദേശ വകൂപ്പുമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ശശികുമാർ വർമ്മയാണ് ശബരിമല മകര വിളക്ക് ഉത്സവത്തിന് അയ്യപ്പനു ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി ശബരിമലയ്ക്ക പോകുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുകയും നിരവധി സംഘടനകളുടെ നേതൃത്വ സ്ഥാനത്തുമുള്ള ശശികുമാർ വർമ്മയിൽ നിന്ന് ആദ്യാക്ഷരം കുറിക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഗുരുദേവ സംഘാടകരുമായി ബന്ധപ്പെടണമെന്നും സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി പി.ശശിധരൻ 39275221, സതീഷ്കുമാർ66393930,ബന്ധപ്പെടുക. ചെയർമാൻ ചന്ദ്രബോസ്, സെക്രട്ടറി ശശിധരൻ ,അസി. ട്രഷറർ സതീഷ്കുമാർ,എൻെറർടൈൻമെൻറ് സെക്രട്ടറി രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി അജിത് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.