പ്രാർഥനകൾ വിഫലമായി : ബാലു യാത്രയായി


തിരുവനന്തപുരം : ലക്ഷോപലക്ഷം കലാസ്വാദകരുടെ പ്രാർഥനകൾ വിഫലമാക്കി അവരുടെ പ്രിയപ്പെട്ട കലാകാരൻ ബാലു ജീവിതത്തിൽ നിന്നും വിടചൊല്ലി. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) ഇന്നു പുലർച്ചെയാണ്  മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മാസം 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽപെട്ട ബാലഭാസ്കർ ഗുരുതരമായ പരിക്കുകളോടെ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

വിവാഹം കഴിഞ്ഞു 16 വർഷത്തിന് ശേഷം ഉണ്ടായ മകൾ തേജസ്വിനി അപകടസ്‌ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ  ലക്ഷ്മി (38)യും വാഹനം ഓടിച്ച സുഹൃത്ത് അർജുനും (29) ഇപ്പോഴും ചികിത്സയിലാണ്. അപകട വാർത്ത അറിഞ്ഞത് മുതൽ ലോകത്തെമ്പാടുമുള്ള ബാലഭാസ്കറിന്റെ ആരാധകർ അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാർഥിക്കുകയായിരുന്നു. എന്നാൽ വാഹനംതെന്നിമാറി റോഡരികിലെ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ബാല ഭാസ്കറിന്റെ  തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റത് അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ഡോക്ടർമാരുടെ ശ്രമം വിഫലമാക്കി.

ഇന്നലെ രാത്രി ബാലുവിന്റെ സുഹൃത്തും കീ ബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസി തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ബാലു പ്രതികരിക്കാൻ തുടങ്ങിയെന്നും വളരെ നല്ല മാറ്റമാണ് കണ്ടതെന്നും അഭിപ്രായപ്പെട്ടു കൊണ്ട് ലൈവ് പോസ്റ്റ് ഇട്ടതോടെ നല്ല പ്രതീക്ഷയിലായിരുന്നു ലോകത്തെമ്പാടുമുള്ള ആരാധകർ. ആ പ്രതീക്ഷ  ആസ്‌ഥാനത്താക്കിയാണ് പിന്നീട് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 12. 50 നു അദ്ദേഹം വിട വാങ്ങിയത്.

You might also like

  • Straight Forward

Most Viewed