പ്രവാസികൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു

മനാമ : പ്രവാസികൾക്കെതിരെ പല പ്രദേശങ്ങളിലും അക്രമങ്ങൾ വർദ്ധിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ പലപ്പോഴും പ്രതികളാകുന്നത് സ്വദേശികളോ അറബ് പൗരന്മാരോ ആണ്. അബ്ദുൽ നഹാസ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് അറബ് വംശജനാണ്. അതുപോലെ കഴിഞ്ഞ ആഴ്ച ബഹ്റൈനിലെ പ്രമുഖ റെസ്റ്റോറന്റ് ജീവനക്കാരനായ മലയാളിയെ മരപ്പട്ടിക കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപ്പിച്ചതും സ്വദേശി യുവാവാണ്. ഈ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഹൂറയിൽ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ നിസ്സാര പ്രശ്നമാണ് വാക്ക് തർക്കത്തിലും തുടർന്ന് അടിയിലും കലാശിച്ചത്. തലയിൽ ചെവിയുടെ ഭാഗത്ത് സാരമായ മുറിവ് പറ്റിയ മലയാളി യുവാവ് ഇപ്പോഴും ആശുപത്രി കിടക്കയിലാണ്.
ഹൂറയിൽ കൊല്ലപ്പെട്ട അബ്ദുൾ നഹാസ് യാതൊരുവിധ അക്രമ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന വ്യക്തിയല്ലെന്നും എന്തിനാണ് അദ്ദേഹത്തെ കൊല ചെയ്തതെന്നുമുള്ള കാര്യം മനസ്സിലാകുന്നില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു കേസ് പോലും നാട്ടിലോ ഇവിടെയോ ഇല്ല.
അതേസമയം അറസ്റ്റിലായ പ്രതിയെ കൂടുതൽ വിശദ വിവരങ്ങൾക്കായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് വിഭാഗം വെളിപ്പെടുത്തി. കെട്ടിയിട്ട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് നഹാസിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. കേസ് നിയമ നടപടികൾക്ക് വിധേയമായി പബ്ലിക് പ്രോസിക്യൂഷന് വിട്ടുകൊടുത്തിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.