മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു

കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേഘാലയ ഗവർണറുമായിരുന്ന എം.എം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പാല രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ നടക്കും. അനാരോഗ്യം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തിൽ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു.
സാമൂഹികസേവകൻ, അദ്ധ്യാപകൻ, അഭിഭാഷകൻ, സംഘാടകൻ, പരിശീലകൻ, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കേന്ദ്രത്തിൽ പാർലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി. 1986ൽ രാജ്യസഭാ ഉപാധ്യക്ഷനായി. രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളിയാണ് എം.എം ജേക്കബ്. 1995 മുതൽ 2007 വരെ രണ്ട് തവണ മേഘാലയ ഗവർണറായും സേവനം അനുഷ്ഠിച്ചു. 1995ൽ യു.പി.എ ഭരണത്തിൽ മേഘാലയ ഗവർണറായി നിയമിതനായി. 2000ൽ വാജ്പേയ് സർക്കാർ വീണ്ടും നിയമിച്ചു. 2005-07 വരെ കാലാവധി നീട്ടി. വിവിധ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ രാജ്യത്തിന്റെ പ്രതിനിധിയായും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1985ലും 1993ലും യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായി പ്രവർത്തിച്ച അദ്ദേഹം നെഹ്്റു കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
പാലായ്ക്കടുത്ത് രാമപുരത്ത് 1928ൽ ഉലഹന്നാൻ മാത്യുവിന്റെയും റോസമ്മയുടെയും മകനായി ജനിച്ച മുണ്ടക്കൽ മാത്യു ജേക്കബ് എന്ന എം.എം ജേക്കബ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തേവര സേക്രഡ് ഹാർട്ട്, മദ്രാസ് ലയോള കോളജ്, മദ്രാസ്, ലക്നൗ സർവ്വകലാശാലകൾ എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം നേടി. 1953ൽ കോട്ടയത്ത് അഭിഭാഷക ജീവിതത്തിന് തുടക്കമിട്ടു. കെ.പി.സി.സി (ഐ) ജനറൽ സെക്രട്ടറി, ട്രഷറർ, എ.ഐ.സി.സി അംഗം, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡണ്ടായും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കോട്ടൺ ഹിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായിരുന്ന പരേതയായ അച്ചാമ്മയാണ് ഭാര്യ. മക്കൾ: ജയ, ജെസി, എലിസബത്ത്, റേച്ചൽ.