കുവൈത്ത് അമീറിന്റെ ചൈന സന്ദർശനം ആരംഭിച്ചു

കുവൈത്ത് സിറ്റി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ചൈനയിലെത്തി. വിമാനത്താവളത്തിൽ ചൈനീസ് വിദേശകാര്യ സഹമന്ത്രി ചെൻ സിയൊദോങ്, കുവൈത്തിലെ ചൈനീസ് സ്ഥാനപതി വാങ് ദി, പ്രോട്ടോകോൾ ഉപദേഷ്ടാവ് ഹാ റോങ്, ചൈനയിലെ കുവൈത്ത് സ്ഥാനപതി സമീഹ് ജൌഹർ ഹയാത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഒന്പത് വർഷത്തിനുശേഷമുള്ള സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവയ്ക്കും. കുവൈത്ത് വിമാനത്താവളത്തിൽ അമീറിനെ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ യാത്രയയച്ചു.
ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും മന്ത്രിസഭാകാര്യ മന്ത്രിയുമായ അനസ് അൽ സാലെ, ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റഫ്, സാമൂഹിക- തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ്, വാണിജ്യ- വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ, എണ്ണമന്ത്രി ബഖീത് അൽ റാഷിദി തുടങ്ങിയവരാണ് അമീറിനൊപ്പം സംഘത്തിലുള്ളത്.