ഈദ് ദിനങ്ങളിൽ തിളങ്ങി സ്വർണ വ്യാപാരം

മനാമ : സൗദി അറേബ്യയിൽ നിന്നും ഉപഭോക്താക്കളെത്തിയതോടെ പെരുന്നാൾ അവധി ദിവസങ്ങളിൽ ജ്വല്ലറി വിൽപ്പനയിൽ വർദ്ധനവുണ്ടായി. ഈദ് സീസൺ എപ്പോഴും നല്ലസമയമാണെന്നും ഇത്തവണ അത് വളരെ മെച്ചപ്പെട്ടിരുന്നതായും ജ്വല്ലറി റീട്ടെയിലർമാർ പറഞ്ഞു. ഈദിന് ബിസിനസ് വളരെ മെച്ചപ്പെട്ടിരുന്നതായി 1950ൽ സ്ഥാപിതമായ ദേവ്ജിയുടെ റീട്ടെയിൽ മാനേജർ ഷാജി സി.കെ പറഞ്ഞു. അവധി ദിവസങ്ങളിൽ വിൽപ്പനയിൽ 15 ശതമാനം വർദ്ധനവുണ്ടായി. ഈ ദിവസങ്ങളിലെ ഉപഭോക്താക്കൾ ഭൂരിഭാഗവും സൗദിയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ജ്വലറി ഉൽപ്പന്നങ്ങളും യുണീക് ഡിസൈനുകളും ഈ സീസണിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ധാരാളം ഉപഭോക്താക്കളെ ആകർഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളിൽ ഭൂരിഭാഗവും ഈ സമയത്ത് സ്വർണം വാങ്ങുന്നവരാണ്. ജ്വല്ലറി വിൽപ്പന മികച്ച നിലയിലാണെങ്കിലും വജ്രങ്ങളുടെയും മുത്തുകളുടെയും ഡിമാൻഡ് വളരെ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈദ് വസ്ത്രങ്ങൾക്ക് ചേർന്ന തരത്തിലുള്ള ആഭരണങ്ങൾ വാങ്ങുന്നതിൽ യുവതികൾക്കും പെൺകുട്ടികൾക്കും താൽപ്പര്യമുണ്ട്. വസ്ത്രങ്ങളുടെ നിറവുമായി പൊരുത്തപ്പെടുന്ന ആഭരണങ്ങൾ വാങ്ങാതെ നമ്മുടെ ഈദ് പൂർണ്ണമാകില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവ് പറഞ്ഞു.